ലഹരിക്കെതിരായ സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹം; കൂടുതല്‍ കരുതലും ജാഗ്രതയും വേണം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

ലഹരിക്കെതിരായ സര്‍ക്കാര്‍ നീക്കം അഭിനന്ദനാര്‍ഹം; കൂടുതല്‍ കരുതലും ജാഗ്രതയും വേണം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തുക, വിദ്യാലയ പരിസരങ്ങളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ നടപടികള്‍ ഉചിതമാണ്.

വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ലഹരി നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ യുക്തമാണെങ്കിലും പുതു തലമുറയ്ക്ക് മാരക മയക്കു മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്ന പ്രത്യേക മേഖലകളും കേന്ദ്രങ്ങളും അവയ്ക്ക് പിന്നിലെ മാഫിയകളെയും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രണയ കുരുക്കില്‍പ്പെടുത്തി ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെണ്‍കുട്ടികള്‍, ലഹരി നല്‍കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വര്‍ധനവ്, ലഹരി വ്യാപനത്തിന് അനുബന്ധമായി വളരുന്ന സ്വര്‍ണ കടത്ത്, കുഴല്‍പ്പണ ഇടപാടുകള്‍, അവയ്ക്ക് പിന്നിലെ ശക്തികള്‍ തുടങ്ങിയവയെല്ലാം വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കണമെന്നും ഐക്യജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് കോടികളുടെ മയക്കു മരുന്ന് വില്‍പ്പന നമുക്കിടയില്‍ നടക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അതിന്റെ പിന്നാമ്പുറത്ത് മറഞ്ഞിരിക്കുന്ന ഗൂഢ സംഘങ്ങളെ വെളിച്ചത്ത് കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം. കേരളത്തെ മയക്കു മരുന്നിന്റെ സ്വന്തം നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്ന അത്തരം മാഫിയകളെ തിരിച്ചറിഞ്ഞ് തുടച്ചു നീക്കിയെങ്കില്‍ മാത്രമേ ലഹരിയില്‍ നിന്ന് കേരളം പൂര്‍ണ വിമുക്തി നേടുകയുള്ളൂ.

കുട്ടികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തുന്ന വിവിധ ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ലഹരി പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത്തരം സിനിമകള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതികള്‍ വിവിധ തലങ്ങളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യക സംവിധാനങ്ങള്‍ ഒരുക്കുകയും സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ തേടുകയും വേണം. കെസിബിസി ഐക്യജാഗ്രതാ കമ്മീഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രൂപതാതല ജാഗ്രതാ സമിതികള്‍ ഈ ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്നും കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.