ഏ.ഡി. 642 നവംബര്‍ 24 മുതല്‍ ഏ.ഡി. 649 മെയ് 14 വരെ തിരുസഭയെ നയിച്ച മാര്‍പ്പാപ്പയാണ് തിയൊഡോര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ. ഗ്രീക്ക് വംശജനായ തിയൊഡോര്‍ മാര്‍പ്പാപ്പ ജറുസലേമില്‍ അവിടുത്തെ മെത്രാന്റെ മകനായി ജനിച്ചു. സിറിയയിലും പിന്നീട് വിശുദ്ധ നാട്ടിലും മുസ്ലീം വംശജര്‍ നടത്തിയ അധിനിവേശത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം റോമിലേക്ക് പലായനം ചെയ്യുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു. ഏ.ഡി. 640-ല്‍ ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ തിയൊഡോറിനെ കര്‍ദ്ദിനാള്‍ ഡീക്കനായി അഭിഷേകം ചെയ്തു. ജോണ്‍ മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിയൊഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചക്രവര്‍ത്തിയുടെ പ്രതിനിധിയായ റെവെന്നയിലെ എക്‌സാര്‍ക്ക് റോമിലുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തില്‍ നിന്നും തിയൊഡോറിന്റെ തെരഞ്ഞെടുപ്പ് സാധുവാകുന്നതിനുള്ള ചക്രവര്‍ത്തിയുടെ അംഗീകാരം വേഗത്തില്‍ ലഭിക്കുകയും തിയൊഡോര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ വി. പത്രോസിന്റെ പിന്‍ഗാമിയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.
പൗരസ്ത്യസഭയില്‍ ഉടലെടുത്ത മോണൊതെലിത്തിസം എന്ന പാഷണ്ഡത സഭയില്‍ ശക്തമായിത്തന്നെ നിലനില്‍ക്കുന്ന കാലത്തുതന്നെയായിരുന്നു തിയൊഡോര്‍ മാര്‍പ്പാപ്പ സഭയുടെ അമരസ്ഥാനത്തേക്കു കടന്നുവന്നത്. മോണൊതെലിത്തിസ്റ്റിക്ക് പഠനങ്ങളോട് അടങ്ങാത്ത ശത്രുത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് പൗരസ്ത്യ ദേശത്തുനിന്നുള്ളതും മോണൊതെലിത്തിസ്റ്റിക്ക് പഠനങ്ങളെ എതിര്‍ത്തിരുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതുമായ ഒരു വ്യക്തിയെ അതായത് തിയൊഡോറിനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്. സഭാനേതൃത്വം പ്രസ്തുത പാഷണ്ഡതയെ അനുകൂലിച്ചുകൊണ്ട് സഭയ്ക്കുമേല്‍ ചക്രവര്‍ത്തി ചെലുത്തുന്ന സമ്മര്‍ദ്ദത്തെ ചെറുത്തു നില്‍ക്കുക എന്നതായിരുന്നു ലക്ഷ്യം വെച്ചത്. മോണൊതെലിത്തിസത്തെ പിന്തുണച്ചുകൊണ്ടുള്ള ചക്രവര്‍ത്തിയുടെ ഔദ്യോഗിക രേഖയായ എക്‌തസിസ് എന്ന രാജകീയ വിളംബരം പിന്‍വലിക്കുവാന്‍ ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പയും പ്രസ്തുത വിളംബരത്തിന്റെ കര്‍ത്താവായ ഹിരാക്ലിയസ് ചക്രവര്‍ത്തിയും തള്ളിക്കളഞ്ഞിട്ടും എന്തുകൊണ്ടാണ് റോമാസാമ്രാജ്യത്തില്‍ പ്രാബല്യത്തിലിരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് കോൺസ്റ്റൻസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് കത്തയക്കുക എന്നതായിരുന്നു മാര്‍പ്പാപ്പയായി അഭിഷേകം ചെയ്യപ്പെട്ടയുടനെ അദ്ദേഹം ചെയ്ത ആദ്യപ്രവൃര്‍ത്തികളിലൊന്ന്. മാത്രമല്ല, എക്‌തസിസിനെ തള്ളിക്കളയുവാനും പ്രസ്തുത വിളംബരത്തെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുവാനും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയര്‍ക്കീസായ പോള്‍ രണ്ടാമനോടും അദ്ദേഹം കത്തുമൂലം ആവശ്യപ്പെട്ടു.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് നാടുകടത്തപ്പെട്ട പിയറസ് ഒന്നാമന്‍ പാത്രിയാര്‍ക്കീസ് കാര്‍ത്തേജില്‍ വെച്ച് മോണൊതെലിത്തിസത്തെക്കുറിച്ചും എക്‌തസിസ് എന്ന രാജകീയ വിളംബരത്തെക്കുറിച്ചും സഭയുടെ വിശ്വാസ സംരക്ഷകനായിരുന്ന മാക്‌സിമിയസുമായി നടന്ന സംവാദത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എക്‌തസിസിനെ നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം റോമില്‍ വി. പത്രോസിന്റെ ബസിലിക്കയിലെത്തി സത്യ വിശ്വാസം ഏറ്റുപറഞ്ഞു. സത്യ വിശ്വാസം ഏറ്റുപറഞ്ഞ് തിരുസഭയുമായി വീണ്ടും ഐക്യത്തിലേക്കു കടന്നുവന്ന പിയറസ് ഒന്നാമനെ തിയൊഡോര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ആദരവോടെ സ്വീകരിക്കുകയും കൊണ്‍സ്റ്റാന്റിനോപ്പിളിന്റെ യഥാര്‍ത്ഥ പാത്രിയാര്‍ക്കീസായി അംഗീകരിക്കുകയും ചെയ്തു. എക്‌തസിസിനെ നിരാകരിക്കുവാന്‍ തയ്യാറാവാതിരിക്കുകയും പ്രസ്തുത വിളംബരത്തെ അനുകൂലിക്കുകയും ചെയ്തിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അപ്പോഴത്തെ പാത്രിയാര്‍ക്കിസായിരുന്ന പോള്‍ രണ്ടാമനെ തിയോഡോർ മാർപ്പാപ്പ സഭാഭ്രഷ്ടനാക്കുകയും നാടുകടത്തുകയും ചെയ്തു. എന്നാല്‍ തന്റെ പാത്രിയാര്‍ക്കീസ് പദവിയും സിംഹാസനവും വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പിയറസ് ഒന്നാമന്‍ റവേന്നയിലേക്ക് പോവുകയും എക്‌തസിസിനെ ഖണ്ഡിച്ച തന്റെ നടപടിയെ തള്ളിപ്പറഞ്ഞുകൊണ്ട് ചക്രവര്‍ത്തിയുമായി വിണ്ടും സമാധാനം സ്ഥാപിക്കുകയും ചെയ്തു. തദനന്തരം തിയൊഡോര്‍ മാര്‍പ്പാപ്പ റോമില്‍ ഒരു സിനഡ് വിളിച്ചുകൂട്ടുകയും പിയറസ് ഒന്നാമനെ സഭാഭ്രഷ്ടനാക്കുകയും ചെയ്തു. പിയറസിന് സഭാഭ്രഷ്ട് കല്‍പ്പിച്ചുകൊണ്ടുള്ള കല്‍പ്പന മാര്‍പ്പാപ്പ, വി. പത്രോസിന്റെ കബറിടത്തില്‍ വെച്ച് വി. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞുപയോഗിച്ച് ഒപ്പുവെച്ചു എന്നാണ് പാരമ്പര്യം.
ഏ.ഡി. 642-ഓടെ എക്‌തസിസ് പൗരസ്ത്യദേശത്തെ മോണൊഫിസിറ്റിസം എന്ന പാഷണ്ഡതയെ അനുകൂലിക്കുന്നവരെ തിരുസഭയുമായി അനുരജ്ഞിപ്പിക്കുവാന്‍ പരാജയപ്പെട്ടതും പ്രസ്തുത വിളംബരത്തിന് പാശ്ചാത്യദേശത്ത് ജനസമ്മിതിയില്ലാത്തതും റോമാസാമ്രാജ്യത്തില്‍ രാഷ്ട്രിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് കോൺസ്റ്റൻസ് രണ്ടാമന്‍ ചക്രവര്‍ത്തിയ്ക്ക് മനസ്സിലായി. അതിനാല്‍ എക്‌തസിസിനെ റദ്ദു ചെയ്തുകൊണ്ട് ടിപ്പോസ് എന്ന വിളംബരം പുറപ്പെടുവിച്ചു. അതിനോടൊപ്പം തന്നെ ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും ഇനി മറ്റു ചര്‍ച്ചകള്‍ നടത്തുന്നതിനെ അദ്ദേഹം വിലക്കുകയും സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ ആദ്യത്തെ അഞ്ച് സാര്‍വത്രിക സൂനഹദോസുകളിലൂടെ നിജപ്പെടുത്തിയ പഠനങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതായിരിക്കണമെന്നും കല്‍പന പുറപ്പെടുവിച്ചു. എന്നാല്‍ താന്‍ പുറപ്പെടുവിച്ച കല്‍പനയെ അംഗീകരിച്ചുകൊണ്ട് ഒപ്പിടുവാന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ വിസ്സമ്മതിച്ചപ്പോള്‍ ചക്രവര്‍ത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തി. അപ്പസ്‌തോലിക് നൂണ്‍ഷ്യോയുടെ ഔദ്യോഗിക വസതിയായ പ്ലാസിഡിയ കൊട്ടാരത്തിലെ ലത്തീന്‍ കപ്പേള അടച്ചുപൂട്ടുകയും അള്‍ത്താര നശിപ്പിക്കുകയും ചെയ്തു.
കോൺസ്റ്റൻസ് ചക്രവര്‍ത്തി പുറപ്പെടുവിച്ച ടിപ്പോസ് എന്ന കല്‍പനയ്ക്ക് ഔദ്യോഗികമായി മറുപടി നല്‍കുന്നതിനു മുമ്പ് ഏ.ഡി. 649 മെയ് 14-ാം തീയതി തിയൊഡോര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അടക്കം ചെയ്തു.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.