കാനഡയിലെ കത്തിക്കുത്ത് ആക്രമണം; പ്രതികളില്‍ ഒരാള്‍ മരിച്ച നിലയില്‍

കാനഡയിലെ കത്തിക്കുത്ത് ആക്രമണം; പ്രതികളില്‍ ഒരാള്‍ മരിച്ച നിലയില്‍

വെല്‍ഡണ്‍ (കാനഡ): കാനഡയിലെ സസ്‌കാഷെവാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച്ച ഉണ്ടായ കത്തിക്കുത്ത് ആക്രമണ പരമ്പരയില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ മരിച്ച നിലയില്‍. 31 കാരനായ ഡാമിയന്‍ സാന്‍ഡേഴ്‌സനെ (31) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തിയത്. ഇയാളുടെ സഹോദരനും സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്നതുമായ മൈല്‍സ് സാന്‍ഡേഴ്‌സണ്‍ (30) സസ്‌കാച്ചെവാനിലെ റെജീനയിലുണ്ടെന്ന് വിശ്വസിക്കുന്നതായും റെജീന പോലീസ് മേധാവി ഇവാന്‍ ബ്രേ പറഞ്ഞു.

കൊല്ലപ്പെട്ട ഡാമിയന്റെ ദേഹമാസകലം പരിക്കുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. ഇത് സ്വയം വരുത്തിയതല്ലെന്നാണ് പൊലീസിന്റെ നിഗമനം. കത്തിക്കുത്ത് ആക്രമണങ്ങള്‍ക്കിടയിലോ പിന്നീടോ സംഭവിച്ചതാകാം. സഹോദരന്‍ മൈല്‍സിനും സമാനമായ നിലയില്‍ പരിക്ക് പറ്റിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രണം ഉണ്ടായത്. 2,500 പേര്‍ അധിവസിക്കുന്ന സസ്‌കാഷെവാനിലെ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, വെല്‍ഡന്‍ എന്നിവിടങ്ങളിലെ 13 വ്യത്യസ്ത സ്ഥലങ്ങളിലായി ഇരുവരും ചേര്‍ന്ന് അഴിച്ചുവിട്ട ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 18 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ഏജന്റുമാരോ ആകാമെന്ന് ഇവാന്‍ ബ്രേ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായാണ് പൊലീസ് ഇതിനെ കാണുന്നത്. സംഭവത്തെ തുടര്‍ന്ന് ജെയിംസ് സ്മിത്ത് ക്രീനേഷനിലും വെല്‍ഡന്‍ പട്ടണത്തിലും പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സസ്‌കാഷെവാന്‍ പ്രവിശ്യയിലെ ആളുകളോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനും പൊലീസ് നിര്‍ദേശിച്ചു.

കൊലപാതകം, കൊലപാതക ശ്രമം, അക്രമം അഴിച്ചുവിടല്‍, മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കും എതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അയാള്‍്ക്കുമേല്‍ ചുമത്തപ്പെട്ട കേസുകള്‍ ഒഴിവാക്കപ്പെടും.

വടക്കേ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ പൊതുവേ കുറവായ രാജ്യങ്ങളിലൊന്നാണ് കാനഡ. 2020ലാണ് കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ തോക്ക് ആക്രമണം സംഭവിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ ഒരാള്‍ വീടുകള്‍ തോറും കയറി ആളുകളെ വെടിവച്ച് കൊലപ്പെടുത്തുകയും നോവ സ്‌കോട്ടിയ പ്രവിശ്യയിലുടനീളം തീയിടുകയും ചെയ്തത് കാനഡയെ ആകെ ഞെട്ടിച്ച സംഭവം ആയിരുന്നു. 22 പേരാണ് തോക്ക് ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 2019ല്‍ ടൊറന്റോയില്‍ ഒരാള്‍ വാന്‍ ഉപയോഗിച്ച് 10 കാല്‍നടയാത്രക്കാരെ കൊലപ്പെടുത്തിയതായിരുന്നു അതിനു മുന്‍പുണ്ടായിരുന്ന വലിയ ആക്രമണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.