അബുദബി: ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന സുല്‍ത്താന്‍ അല്‍ നെയാദിയെ അലൈനിലെ വീട്ടിലെത്തി സന്ദർശിച്ച് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്ന ആദ്യ അറബ് വംശജനാണ് സുല്‍ത്താന്‍ അല്‍ നെയാദി.
അല്‍ നെയാദിയുടെ ഇന്‍റർ നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കുളള യാത്രയുടെ തയ്യാറെടുപ്പുകളെ കുറിച്ച് രാഷ്ട്രപതി ചോദിച്ച് മനസിലാക്കി. രാജ്യം കൂടെയുണ്ടെന്നും സുല്‍ത്താന്‍ അല്‍ നെയാദിയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേർക്കാന്‍ സുല്‍ത്താന്‍ അല്‍ നെയാദിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദർശനം വലിയ പ്രചോദനമായെന്നായിരുന്നു സുല്‍ത്താന്‍ അല്‍ നെയാദിയുടെ പ്രതികരണം. അദ്ദേഹത്തോടുളള നന്ദി അറിയിക്കുന്നുവെന്നും സുല്‍ത്താന്‍ അല്‍ നെയാദി ട്വിറ്ററില്‍ കുറിച്ചു.
2019 ലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം. ഹസ അല്‍ മന്‍സൂരിയാണ് യുഎഇയുടെ പതാകയുമായി അന്ന് ഐഎസ്എസിലെത്തിയത്. എട്ട് ദിവസമാണ് ഹസ ഐഎസ്എസില്‍ തങ്ങിയത്. ആ യാത്രയ്ക്ക് തയ്യാറായി എത്തിയ 4022 പേരില്‍ നിന്ന് ചുരുക്കപ്പട്ടികയിലേക്ക് എത്തിയ രണ്ട് പേരാണ്, ഹസ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നെയാദിയും.
ആദ്യ ബഹിരാകാശയാത്രികനാകാന്‍ ഹസയ്ക്ക് ഭാഗ്യം ലഭിച്ചപ്പോള്‍, ആദ്യമായി ആറുമാസം ബഹിരാകാശത്ത് അറബ് ലോകത്തെ പ്രതിനിധീകരിച്ച് ചെലവഴിക്കാന്‍ പോകുകയാണ് സുല്‍ത്താന്‍ അല്‍ നെയാദി.
2023 ല്‍ വിക്ഷേപിക്കാനൊരുങ്ങുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്തേക്ക് കുതിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.