ന്യുഡൽഹി: കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് ഇന്ന് തുടക്കം.
പദയാത്രയിൽ പങ്കെടുക്കാൻ കന്യാകുമാരിയിലേക്ക് പോകുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12ന് രാഹുൽഗാന്ധി തിരുവനന്തപുരത്തെത്തും. ചെന്നൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകും. രാവിലെ 7നും 7.45 നുമിടയിൽ പിതാവ് രാജീവ്ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുംപതൂരിലെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകിട്ട് മൂന്നിന് കന്യാകുമാരിയിലെ തിരുവള്ളൂർ സ്മാരകവും 3.30ന് വിവേകാനന്ദ സ്മാരകവും 3.50ന് കാമരാജ് സ്മാരകവും സന്ദർശിക്കും. 4.10 മുതൽ 4.30വരെ ഗാന്ധിമണ്ഡപത്തിൽ പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കും. യാത്രയിലുപോയോഗിക്കുന്ന ത്രിവർണ്ണ പതാകയുടെ കൈമാറൽ ചടങ്ങ് വൈകിട്ട് 4.30ന് നടക്കും. തുടർന്ന് ഭാരത് ജോഡോ പദയാത്രികരോടൊപ്പം ഗാന്ധി മണ്ഡപം മുതൽ ബീച്ച് റോഡ് വരെ സഞ്ചരിക്കും.
വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. എ.ഐ.സി.സി നേതാക്കൾ, മുഖ്യമന്ത്രിമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ. മുരളീധരൻ എം.പി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
യാത്രയിലുടനീളം പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള 8 പേർ സ്ഥിരംഗങ്ങളാണ് . യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ അധ്യക്ഷൻ ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, കെ.എസ്.യു ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അധ്യക്ഷൻ എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് പദയാത്രയിൽ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങൾ.
‘മിലേ കദം, ജൂഡേ വതൻ’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് നടക്കൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം.
കോൺഗ്രസിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും വലിയ പദയാത്രയാകും ‘ഭാരത് ജോഡോ' യാത്ര. അഞ്ചുമാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500 ലധികം കിലോമീറ്ററാണ് രാഹുൽ ഗാന്ധി പര്യടനം നടത്തുക. യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്.
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേരാകും ഉണ്ടാകുക. രാഹുൽ അടക്കമുള്ളവർ ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാകും താമസം സൗകര്യം ഒരുക്കിയിരിക്കുന്നത് .
സെപ്റ്റംബർ 10 വരെയാണ് രാഹുലിന്റെ തമിഴ്നാട്ടിലെ പര്യടനം. 11ന് രാവിലെ ഏഴിന് പദയാത്രയ്ക്ക് കേരള അതിർത്തിയായ പാറശാലയിൽ സ്വീകരണം നൽകും. കേരളത്തിൽ 19 ദിവസമാണ് പര്യടനം. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാത വഴിയും തുടർന്ന് നിലമ്പൂർ വരെ സംസ്ഥാന പാതയിലൂടെയുമാകും യാത്ര കേരളത്തിലൂടെ പോകുന്നത്. 29ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലൂടെ കർണാടകത്തിലേക്ക് പോകും.
തുടർന്ന്, ആന്ധ്രാപ്രദേശിലെ ആളൂർ, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജൽഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, രാജസ്ഥാനിലെ ആൽവാർ, ഉത്തർപ്രദേശിലെ ബുലന്ദേശ്വർ, ഡൽഹി, ഹരിയാനയിലെ ആംബാല, പഞ്ചാബിലെ പത്താൻകോട്ട്, എന്നീ പ്രദേശങ്ങൾ സഞ്ചരിച്ച് അവസാനം ജമ്മുവിൽ എത്തും.
भारत जोड़ो यात्रा | Bharat Jodo Yatra
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.