നെറ്റ്ഫ്‌ലിക്‌സിന് മുന്നറിയിപ്പുമായി യുഎഇ; നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം

നെറ്റ്ഫ്‌ലിക്‌സിന് മുന്നറിയിപ്പുമായി യുഎഇ; നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്ന് നിര്‍ദേശം

ദുബൈ: നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ മുന്‍നിര ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ 'നെറ്റ്ഫ്‌ലിക്‌സ്' ന് യുഎഇയുടെ മുന്നറിയിപ്പ്. നെറ്റ്ഫ്‌ലിക്‌സ് രാജ്യത്തെ മാധ്യമപ്രക്ഷേപണ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ മീഡിയ റെഗുലേറ്ററി ഓഫിസുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജിസിസി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദില്‍ സമ്മേളിച്ചാണ് നെറ്റ്ഫ്‌ലിക്‌സിനെ ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങള്‍ക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്‌ലിക്‌സിനോട് അവ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി.

സാമൂഹിക മൂല്യങ്ങള്‍ക്കും ഇസ്‌ലാമികമൂല്യങ്ങള്‍ക്കും നിരക്കാത്ത ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നതായാണ് സമിതിയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്കെന്ന പേരില്‍ നല്‍കുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കംചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉടന്‍ തയാറാകണമെന്നും സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതി ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യുഎഇയുടെ പ്രസ്താവനയും പുറത്തുവന്നത്. വിവാദപരമായ ഉള്ളടക്കം നീക്കംചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ച് നിയമവിരുദ്ധ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുകയാണെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന് പ്രസ്താവനയിലുണ്ട്. ഡിജിറ്റല്‍ ടിവി സര്‍വേ പ്രകാരം 68 ലക്ഷത്തിലധികം വരിക്കാരുമായി നെറ്റ്ഫ്‌ലിക്‌സ് നിലവില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും കൂടുതല്‍ സബ്സ്‌ക്രിപ്ഷനുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.