കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സുതാര്യതയില്‍ ഉത്കണ്ഠ; വോട്ടര്‍ പട്ടിക പുറത്തു വിടണമെന്ന് തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സുതാര്യതയില്‍ ഉത്കണ്ഠ; വോട്ടര്‍ പട്ടിക പുറത്തു വിടണമെന്ന് തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളില്‍ ഉത്കണ്ഠയറിയിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രിക്ക് കത്തയച്ചു.

ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശം ഉള്ളവര്‍ക്കും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍ പട്ടിക പുറത്തു വിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടിയുടെ ആഭ്യന്തര രേഖകള്‍ പുറത്തു വിടണമെന്നല്ല ആവശ്യപ്പെടുന്നത്. നാമനിര്‍ദേശ പ്രക്രീയകള്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഇലക്ടറല്‍ കോളജില്‍ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തു വിടണമെന്നാണ് ആവശ്യം. ഇതുവഴി ആരൊക്കെയാണ് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുള്ളവര്‍, ആര്‍ക്കാണ് വോട്ടവകാശം ഉള്ളത് എന്ന് വ്യക്തമായി അറിയാനാകും.

വോട്ടവകാശം ഉള്ളവരും സ്ഥാനാര്‍ത്ഥികളാകാന്‍ താല്‍പര്യമുള്ളവരും അതു പരിശോധിക്കാന്‍ പിസിസികളിലേക്ക് പോകണമെന്നത് ഉചിതമല്ല. ഈ ആവശ്യം അംഗീകരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ഉത്കണ്ഠ അവസാനിക്കുമെന്നും എംപിമാര്‍ കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും. 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്. 19 നാണ് ഫലപ്രഖ്യാപനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.