കാന്‍ബറ: എഴുപതു വര്‍ഷത്തോളം നീണ്ട എലിസബത്ത് രാജ്ഞിയുടെ ഭരണത്തിനു തിരശീല വീണതോടെ മകന്‍ ചാള്‍സ് മൂന്നാമനെ ഓസ്ട്രേലിയയുടെ രാജാവായി ഗവര്‍ണര്‍ ജനറല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'അനുഗ്രഹീതയും മഹത്വവുമുള്ള എലിസബത്ത് രാജ്ഞിയുടെ മരണത്തിനുശേഷം രാജകിരീടം സ്വഭാവികമായി ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് രാജകുമാരനു മേല്‍ വന്നു ചേര്‍ന്നതായി ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലി പറഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന് ദീര്‍ഘനാള്‍ ഓസ്‌ട്രേലിയ ഭരിക്കാനിടയാകട്ടെ എന്നും അതിനായി തങ്ങളുടെ വിശ്വസ്തത വാഗ്ദാനം ചെയ്യുന്നതായും ഗവര്‍ണര്‍ ജനറല്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ജനറലും പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും ഒപ്പുവെച്ചു.
70 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ ആര്‍മി ബാന്‍ഡ്, ഓസ്ട്രേലിയയുടെ രാജകീയ ഗാനം 'ഗോഡ് സേവ് ദ ക്വീന്‍' എന്നതിനു പകരം ഗോഡ് സേവ് ദ കിങ് എന്ന് ആലപിച്ചു.
'നിങ്ങളുടെ കാഴ്ചപ്പാടുകള്‍ എന്തുതന്നെയായാലും, എലിസബത്ത് രാജ്ഞി സേവനത്തിലൂന്നിയ ജീവിതമാണ് നയിച്ചത്. അവര്‍ സ്‌നേഹനിധിയായ ഭാര്യയും അമ്മയും മുത്തശ്ശിയുമായിരുന്നു'. തന്റെ അമ്മയില്‍ നിന്ന് അധികാരം ഏറ്റെടുക്കുന്ന ചാള്‍സ് മൂന്നാമന്‍ വിവേകശാലിയായ ഭരണാധികാരിയായിരിക്കുമെന്ന് തങ്ങള്‍ക്കറിയാം - പ്രഖ്യാപനത്തിനു ശേഷം ഗോത്രവിഭാഗത്തിലെ മുതിര്‍ന്ന സ്ത്രീ വയലറ്റ് ഷെറിഡന്‍ പറഞ്ഞു.
അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് സിഡ്നി ഓപ്പറ ഹൗസില്‍ രാജ്ഞിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍
ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി പുതിയ രാജാവിനെ ആദരിക്കാന്‍ 21 തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തുവച്ചു നടന്ന പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് എത്തിയത്.
ഇനിമുതല്‍ ഒരു പുതിയ യുഗത്തിന്റെ ഉദയമാണെന്ന് ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലി പറഞ്ഞു.
താന്‍ ഉള്‍പ്പെടെ ഒട്ടേറെ ഓസ്ട്രേലിയക്കാരുടെ ജീവിതത്തിലും ഒരു പുതിയ രാജാവിന്റെ പ്രഖ്യാപനം ചരിത്ര സംഭവമായി അടയാളപ്പെടുത്തുമെന്ന് ആന്റണി അല്‍ബനീസി പറഞ്ഞു.
ഓസ്ട്രേലിയയുടെ പുതിയ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിക്കുന്ന ചടങ്ങ്
രാജ്ഞിയുടെ മരണത്തെതുടര്‍ന്ന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ചു. ദേശീയ ദുഖാചരണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 22-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് അല്‍ബനീസി പറഞ്ഞു. രാജ്ഞിയുടെ മൃതസംസ്‌കാരം കഴിയുന്നതു വരെ ഓസ്‌ട്രേലിയന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
ഈ ആഴ്ചയുടെ അവസാനം പ്രധാനമന്ത്രിയും ഗവര്‍ണര്‍ ജനറലും ഇംഗ്ലണ്ടിലേക്കു തിരിക്കും. രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഇരുവരും ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.