വത്തിക്കാൻ സിറ്റി: മതബോധനം എന്നത് വിദ്യാലയത്തിലെ പോലെ കൃത്യമായ പഠന സമയം പാലിച്ചുള്ളതാകരുതെന്നും അത് പുതിയ തലമുറക്ക് കൈമാറുന്ന വിശ്വാസാനുഭവമായിരിക്കണമെന്നും മതബോധകരോട് പാപ്പാ. വിശ്വാസം കൈമാറുന്നതിൽ മതബോധകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ സംഘടിപ്പിച്ച മതാധ്യാപകരുടെ രാജ്യാന്തര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
വിശ്വാസത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്തരവാദിത്വത്തിൻറെ അടയാളമാണ് മതബോധകർ. മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെ ശ്രവിക്കുന്നവരുടെ പ്രായത്തിനും അവരുടെ ഒരുക്കത്തിനും പര്യാപ്തമായ മെച്ചപ്പെട്ട ഒരു രീതി വിശ്വാസ സംവേദനത്തിന് നാം കണ്ടെത്തേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിൻറെ ആളത്വത്തെ ദൃശ്യവും മൂർത്തവുമാക്കിത്തീർക്കാൻ വിളിക്കപ്പെട്ടവരാണ് മതബോധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. മതബോധകരുടെ മൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 50 രാജ്യങ്ങളിൽ നിന്നായി സ്ത്രീപുരുഷന്മാരായ മതബോധകരും, വൈദികരും മെത്രാന്മാരുമുൾപ്പെടെ 1400 ലേറെപ്പേർ പങ്കെടുത്ത സമ്മേളനത്തിലാണ് പാപ്പാ ഇത് പങ്കുവെച്ചത്. പോൾ ആറാമൻ ശാലയിൽ നടത്തിയ ഈ സമ്മേളനത്തിന്റെ വിഷയം 'മതബോധകൻ, ക്രിസ്തുവിലുള്ള നവജീവന്റെ സാക്ഷി' എന്നതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26