മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനത്തിന്; സഫലമാകാത്ത വിദേശ യാത്രകള്‍

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനത്തിന്; സഫലമാകാത്ത വിദേശ യാത്രകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടുമൊരു വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. യൂറോപ്പ് സന്ദര്‍ശനമാണ് മുന്നിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡാണ് സന്ദര്‍ശിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ഡലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് പോകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ വിദേശ യാത്രകളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. പതിനഞ്ചിലേറെ വിദേശ യാത്രകളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം നടത്തിയിരിക്കുന്നത്. ഈ യാത്രകള്‍ കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. പിന്നെന്തിനാണ് പുതിയ യാത്രയെന്ന് സ്വാഭാവികമായും സംശയം ഉയരാം.

യുഎഇ, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം സര്‍ക്കാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കയിലേക്ക് പോയതും ചര്‍ച്ചകള്‍ നടത്തിയതും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടിയായിരുന്നു. യുഎഇയിലേക്ക് പൊലീസ് നവീകരണം പഠിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തിയത്.

ഇത് രണ്ടും ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കിയോ എന്നത് പരിശോധിച്ചാല്‍ തന്നെ മനസിലാവും. ഏറെ ചര്‍ച്ചയായ മറ്റൊരു സന്ദര്‍ശനമാണ് നെതര്‍ലന്‍ഡ്സിലേക്ക് നടത്തിയത്. പ്രളയ പ്രതിരോധം പഠിക്കാനായിട്ടായിരുന്നു സന്ദര്‍ശനം. കേരളത്തില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.

സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയത് ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഠിക്കാനാണ്. കേരളം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്. അതുകൊണ്ട് യാത്രയ്ക്ക് പ്രസക്തിയുമുണ്ടായിരുന്നു. ഫ്രാന്‍സിലേക്ക് പോയത് സാമ്പത്തിക ആസൂത്രണത്തില്‍ ചര്‍ച്ചയ്ക്കായിട്ടാണ്.

വിദഗ്ധരുമായി അടക്കം ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു ഈ യാത്ര. ഇതിന് പുറമേ ലണ്ടനിലേക്കും യാത്ര നടത്തി. കിഫ്ബി മസാലബോണ്ടിന്റെ ലോഞ്ചിങിന് വേണ്ടിയിട്ടായിരുന്നു ഈ സന്ദര്‍ശനം. കേരളത്തിനോ ജനങ്ങള്‍ക്കോ ഗുണം ചെയ്യുന്ന എന്തെങ്കിലും കാര്യം ഈ സന്ദര്‍ശനങ്ങളില്‍ നിന്നുണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ സന്ദര്‍ശനവും അത്തരത്തിലാവുമെന്ന് ആരോപണങ്ങളുണ്ട്. ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്. വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായിട്ടാണ് യാത്ര. മാലിന്യ സംസ്‌കരണ വിഷയം അടക്കം പുറത്ത് പോയി പഠിച്ചിട്ടും എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങള്‍ ചോദിച്ചാല്‍ സര്‍ക്കാരിന് മറുപടിയുണ്ടാവില്ലെന്ന് ഉറപ്പാണ്. എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ പൊതുഭരണ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്ര അനുമതിക്കായിട്ടുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക മാതൃകകള്‍ കണ്ടു പഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ദരിദ്രമായ സംസ്ഥാനമല്ലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.