ജയ്പുര്‍: സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പാക് വനിതകളുടെ ഹണിട്രാപ്പ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ രാജസ്ഥാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹണിട്രാപ്പില്‍ കുടുക്കി വിവരം ചോര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ സാങ്കേതിക സഹായത്തോടെയും അല്ലാതെയും നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്(സെക്യൂരിറ്റി) എസ്. സെങ്കതിര്‍ പറഞ്ഞു.
പാക് ചാരസംഘടനയുടെ ഭാഗമായുള്ള സ്ത്രീകളാണ് സൈനികരുമായും മറ്റു സാധാരണക്കാരുമായും വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ഈ ശൃംഖലയില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് പേരെ ചോദ്യം ചെയ്തു. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരെ മാത്രമല്ല, അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരെയും പാക് ചാരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പുകാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2019 മുതല്‍ 28 പേരെയാണ് ചാരവൃത്തി ചുമത്തി രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സൈനികരും സൈന്യവുമായി ബന്ധപ്പെട്ട ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നവരും അല്ലാത്തവരും ഉണ്ട്. ഇവരെല്ലാം പാക് വനിതകളുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരാണ്. ഹണിട്രാപ്പാണെന്ന് മനസിലാക്കാതെ പലരും പല വിവരങ്ങളും തങ്ങളുടെ കാമുകിമാര്‍ക്ക് കൈമാറുകയാണ് പതിവ്.
പാക് വനിതകള്‍ കെണിയൊരുക്കുന്നതെല്ലാം ഒരേ രീതിയിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മിസ് കോളിലൂടെയും സാമൂഹിക മാധ്യമങ്ങളിലെ ഫ്രണ്ട് റിക്വസ്റ്റുകളിലൂടെയുമാണ് തുടക്കം. തുടര്‍ന്ന് ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിക്കും. വിശ്വാസം നേടാന്‍ വീഡിയോ കോളും ചെയ്യും. പിന്നീട് ഈ സംഭാഷണങ്ങള്‍ മണിക്കൂറുകളോളം നീളും. മാനസികമായി അടുപ്പം സ്ഥാപിക്കും. പ്രലോഭിപ്പിക്കാനായി നഗ്‌നചിത്രങ്ങള്‍ വരെ കൈമാറും.
ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ അതിര്‍ത്തി മേഖലകളില്‍ ഹണിട്രാപ്പിനെക്കുറിച്ചുള്ള ബോധവത്കരണം വിപുലമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസ് മാത്രമല്ല വിവിധ സൈനിക വിഭാഗങ്ങളും ഇതേ ദൗത്യവുമായി രംഗത്തുണ്ട്. പൊതുജനങ്ങള്‍ക്കിടയിലും സൈനികര്‍ക്കിടയിലും ഇത്തരം ഹണിട്രാപ്പിനെക്കുറിച്ച് പരമാവധി ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം. സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ ലോക്കല്‍ പൊലീസിനെ അറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് സൈന്യത്തിന് ഒരു നയമുണ്ടെന്നും ഓരോ സമയത്തും ഇത് പരിഷ്‌കരിക്കാറുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം സൈന്യത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിനുള്ളിലും പുറത്തും ഇതിന് നിരീക്ഷണ സംവിധാനമുണ്ട്. ഇന്റലിജന്‍സ് സംവിധാനങ്ങളും സൈബര്‍ പരിശോധനയും അടക്കം ഉള്‍പ്പെടുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.