ആഫ്രിക്കന്‍ കാട്ടിലെ വേഗ രാജാക്കള്‍ ഇന്ത്യയിലെത്തി; ചീറ്റകളെ തുറന്നു വിട്ട് ക്യാമറയില്‍ പകര്‍ത്തി മോഡി

ആഫ്രിക്കന്‍ കാട്ടിലെ വേഗ രാജാക്കള്‍ ഇന്ത്യയിലെത്തി; ചീറ്റകളെ തുറന്നു വിട്ട് ക്യാമറയില്‍ പകര്‍ത്തി മോഡി

ഗ്വാളിയോര്‍: ഏഴുപത് വര്‍ഷത്തിന് ശേഷം വേഗ രാജാക്കളായ ചീറ്റകള്‍ ഇന്ത്യന്‍ മണ്ണിലെത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളെ എഴുപത്തി രണ്ടാം പിറന്നാല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നു വിട്ടു.

തുറന്നു വിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു. തെല്ലൊരു ഭയത്തോടെ ചീറ്റകള്‍ കൂട്ടില്‍ നിന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. മൂന്ന് ചീറ്റകളേയാണ് നരേന്ദ്ര മോഡി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിട്ടത്.

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തുന്നത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററിലാണ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്. 1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവി വര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യ ജീവികളെയും ആവാസ വ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.

ഇവയുടെ സഞ്ചാരപഥം മനസിലാക്കാന്‍ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകള്‍ ചീറ്റകളുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.

പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന പ്രത്യേക വിമാനത്തില്‍ നീണ്ട യാത്രയില്‍ അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണം കാര്യമായി നല്‍കാതെയാണ് ചീറ്റകളെ എത്തിച്ചത്. അതിന്റെ ക്ഷീണം അവയ്ക്കുണ്ട്. ചീറ്റയെ സംരക്ഷിക്കുന്ന പദ്ധതിക്ക് നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 50.22 കോടി രൂപ നല്‍കും.

ആദ്യ ഗഡുവായി 9.95 കോടി അനുവദിച്ചു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.