'സി.കെ ജാനുവിന് 35 ലക്ഷം നല്‍കി': ശബ്ദം കെ.സുരേന്ദ്രന്റേതു തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കുറ്റപത്രം ഉടന്‍

'സി.കെ ജാനുവിന് 35 ലക്ഷം നല്‍കി': ശബ്ദം കെ.സുരേന്ദ്രന്റേതു തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കുറ്റപത്രം ഉടന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് സ്ഥിരീകരിച്ചത്.

പതിനാല് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്. കെ.സുരേന്ദ്രന്‍, സി.കെ ജാനു എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കേസുമായി ബന്ധപ്പെട്ട് സി.കെ ജാനുവിന്റെയും കെ.സുരേന്ദ്രന്റെയും പ്രസീത അഴിക്കോടിന്റെയും വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലായിരുന്നു തെളിവു ശേഖരണം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സി.കെ ജാനുവിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.