എകെജി സെന്റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് സിപിഎം തിരക്കഥയെന്ന് ഷാഫി പറമ്പില്‍

എകെജി സെന്റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് സിപിഎം തിരക്കഥയെന്ന് ഷാഫി പറമ്പില്‍

കൊച്ചി: എകെജി സെന്ററില്‍ സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് സിപിഎം ഭാവനയുടെ തിരക്കഥയെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ എംഎല്‍എ. എകെജി സെന്ററിന്റെ മതിലിനു പുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകാര്യതയില്‍ സിപിഎമ്മിനുണ്ടാകുന്ന അസ്വസ്ഥതയുടെ ഭാഗമാണിതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി മുന്‍പ് കേരളത്തില്‍ വന്നപ്പോഴും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം സിപിഎം ആവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പല വെളിപ്പെടുത്തലുകളും ശ്രദ്ധ തിരിക്കലിന്റെ ഭാഗമായിരുന്നു. സിപിഎമ്മിന്റെ ഭവനയ്ക്കനുസരിച്ചാണ് പോലീസ് തീരുമാനമെടുക്കുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതലല്ല. കേസ് അന്വേഷണത്തില്‍ തിണ്ണമിടുക്കും രാഷ്ട്രീയ ബുദ്ധിയുമല്ല മറിച്ച് നീതിയും സത്യവുമാണ് പാലിക്കേണ്ടതെന്നും ഷാഫി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനെ എങ്ങനെയെങ്കിലും ഇതില്‍ പ്രതിയാക്കണമെന്ന സിപിഎമ്മിന്റെ അജണ്ട അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. കേസുമായി യൂത്ത് കോണ്‍ഗ്രസിനെ ബന്ധിപ്പിക്കാവുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ പോലീസ് അന്നേ അറസ്റ്റ് ചെയ്യുമായിരുന്നു. സിപിഎം ഓഫീസ് ആക്രമിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പ് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ബിജെപി പ്രകടിപ്പിച്ച അതേ അസ്വസ്ഥതയാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളതെന്നും ഷാഫി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.