മലയാളി താരം ആശിഖ് കുരുണിയന്റെ ഗോളില്‍ സിംഗപൂരിനെതിരെ ഇന്ത്യക്ക് സമനില

മലയാളി താരം ആശിഖ് കുരുണിയന്റെ ഗോളില്‍ സിംഗപൂരിനെതിരെ ഇന്ത്യക്ക് സമനില

ഹനോയ്: വിയറ്റ്‌നാമില്‍ നടക്കുന്ന ഹങ് തിന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സിംഗപ്പൂരിനോട് സമനില വഴങ്ങി ഇന്ത്യ. ആദ്യം പിന്നിലായ മത്സരത്തില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. സ്‌കോര്‍ (11). ഇഖ്‌സന്‍ ഫാന്‍ഡിയാണ് സിംഗപ്പൂരിനായി ഗോള്‍ നേടിയത്. ഫിഫ റാങ്കിംഗില്‍ തങ്ങളേക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സിംഗപ്പൂരിനെതിരെ സമനില നേടിയത് ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഒട്ടും തൃപ്തിപ്പെടുന്നതല്ല.

ഗുര്‍പ്രീത് സന്ധു, അന്‍വര്‍ അലി, നരേന്ദര്‍ ഗെലോട്ട്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ, സുനില്‍ ഛേത്രി, റോഷന്‍ നവോറം, ലിസ്റ്റണ്‍ കൊളാസോ, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുനിയന്‍, ജീക്‌സണ്‍ എന്നിവരെ ആദ്യ ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ സിംഗപ്പൂരിനെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്ക മിനുറ്റുകളില്‍ പ്രെസ്സിംഗ് ഗെയിം പുറത്തെടുക്കുന്ന സിംഗപ്പൂരിനെയാണ് കണ്ടത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കാനും തുടക്കത്തില്‍ സിംഗപ്പൂരിനായി. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുറ്റില്‍ സിംഗപ്പൂര്‍ ആദ്യ ഗോളിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു ഇന്ത്യയുടെ രക്ഷകനായി. പിന്നാലെ ഇന്ത്യയും ചില നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ല.

മുപ്പത്തിയെട്ടാം മിനിറ്റില്‍ ഇഖ്‌സന്‍ ഫന്‍ഡി എടുത്ത ഫ്രീക്വിക്കിലൂടെ സിംഗപ്പൂര്‍ മുന്നിലെത്തി. അധികം വൈകാതെ ഇന്ത്യ തിരിച്ചടിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ സുനില്‍ ഛേത്രിയുടെ പന്ത് പിടിച്ചെടുത്ത് മലയാളി താരം ആഷിഖ് കുരുണിയന്‍ സിംഗപ്പൂരിന്റെ വല കുലുക്കി. ഇന്ത്യയുടെ ചില തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ രണ്ടാം പകുതിയില്‍ കണ്ടു. എന്നാല്‍ അവസാന സമയമായതോടെ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരു ടീമുകളുടേയും ഭാഗത്ത് നിന്നും വരാതായതോടെ മത്സരം ആരാധകരെ മടുപ്പിച്ചു. ആദ്യ പകുതിയിലെ ആവേശം പോലും രണ്ടാം പകുതിയിലുണ്ടായില്ല. ഇതോടെ മത്സരം 1-1 ന് അവസാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.