സില്‍വര്‍ ലൈന്‍: പ്രതിഷേധക്കാരോട് വിട്ടുവീഴ്ചയില്ല, ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ ലൈന്‍: പ്രതിഷേധക്കാരോട് വിട്ടുവീഴ്ചയില്ല, ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ കേസുകള്‍ പരിഗണിക്കവേ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

സാമൂഹികാഘാത പഠനം നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. നിലവില്‍ സര്‍വ്വേ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതിനാല്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയതായും ഹൈക്കോടതി അറിയിച്ചു.

ഭാവിയില്‍ ഹര്‍ജിക്കാര്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ബുദ്ധിമുട്ടുകള്‍ വല്ലതും ഉണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സില്‍വര്‍ ലൈന്റെ സാമൂഹികാഘാത പഠനം തടയണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. വാദത്തിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നരിക്കെ സാമൂഹികാഘാത പഠനം നടത്തിയത് എന്തിനാണെന്നും അതിനായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ഡിപിആറുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ഡിപിആറുമായി ബന്ധപ്പെട്ട രേഖകളൊന്നും സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ റെയില്‍വേ വ്യക്തമാക്കി.

പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും സില്‍വര്‍ ലൈനിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.