നെടുമങ്ങാട്: കടുവകളുടെ കണക്കെടുപ്പിന് പോയി അഗസ്ത്യകൂട മലനിരകളില്‍ കുടുങ്ങിയ മൂന്ന് വനം വകുപ്പ് ജീവനക്കാരെ രക്ഷപ്പെടുത്തി. 14 മണിക്കൂറുകള്‍ കഴിഞ്ഞാണ് വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള സംഘത്തിനെ രക്ഷപ്പെടുത്തിയത്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്നുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, നൈറ്റ് വാച്ചര്‍ രാജേഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ അഞ്ചോടെ കാട് കയറിയത്.
രാവിലെ എട്ടോടെ ഇവര്‍ ആദ്യമെത്തിയത് ബോണക്കാട് കിളവന്‍തോട്ടത്തെ ക്യാമ്പ് ഷെഡിലായിരുന്നു. അവിടെ നിന്ന് പാണ്ഡിപ്പത്ത് വഴി ചെമ്മുഞ്ചിമൊട്ടയുടെ അടിവാരത്ത് എത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ച് കഴിഞ്ഞിരുന്നു. പെട്ടെന്ന് ഇരുട്ട് പരന്നതോടെ ഇവര്‍ വനത്തിനുള്ളില്‍ പെട്ടുപോകുകയായിരുന്നു. ആരുടെ പക്കലും ടോര്‍ച്ചോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. ഫോണിന്റെ റെയ്ഞ്ചും നഷ്ടപ്പെട്ടതോടെ സംഘത്തെ ബന്ധപ്പെടാന്‍ കഴിയാതെ വനംവകുപ്പ് പ്രതിസന്ധിയിലായി.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് വനം വകുപ്പ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചത്. ക്യാമ്പ് ഷെഡില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ഈരാറ്റുമുക്ക് എന്ന ഉള്‍വനമേഖലയില്‍ നിന്നുമാണ് ഒടുവില്‍ ഇവര്‍ അന്വേഷണ സംഘത്തിനടുത്തേക്ക് നടന്നെത്തിയത്. ഡിഎഫ്ഒ ഷാനവാസ്, റെയ്ഞ്ച് ഓഫീസര്‍മാരായ ശ്രീജു, അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി സംഘം നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്താനായത്. പരുത്തിപ്പള്ളി പാലോട് ആര്‍ആര്‍ടി സംഘമാണ് തിരച്ചിലില്‍ ഉണ്ടായിരുന്നത്.
തോക്ക്, ടോര്‍ച്ച്, പടക്കം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി മാത്രമേ കടുവ സെന്‍സസിന് ഉള്‍ക്കാട്ടിലേക്ക് വനംവകുപ്പ് ജീവനക്കാരെ അയക്കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സെന്‍സസിന് പോയവരുടെ കൈവശമുണ്ടായിരുന്നത് ഒരു വെട്ടുകത്തി മാത്രമായിരുന്നു. രാത്രിയില്‍ വനത്തില്‍ പെട്ടുപോയതോടെ മൊബൈല്‍ഫോണിന്റെ വെളിച്ചം മാത്രമായി ആശ്രയം. അതിനാല്‍ അധികം താമസിക്കാതെ മൂന്ന് പേരുടെയും മൊബൈല്‍ ഓഫായി.
ജീവനക്കാരെ കാണാതായിട്ടും വനംവകുപ്പ് ആ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. അപ്പോള്‍ത്തന്നെ വിവരം വിതുര സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെങ്കില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്ന് പേരെയും രാത്രിയോടെ തന്നെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. രാവിലെ ഒന്‍പതോടെ മാധ്യമ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് വിതുര പൊലീസ് വിവരം അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.