തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി മറ്റുള്ളവരെ പുറത്തിറക്കി വാദം കേട്ടത്.
കേസിലെ പൊലീസ് റിപ്പോർട്ട് ഇന്ന് രാവിലെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ടാണ് സമർപ്പിച്ചത്. വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഹാജരാക്കിയത്.
ബലാത്സംഗം നടത്തിയതിന് തെളിവുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ട്, തുടങ്ങിയ കാര്യങ്ങളായിരുന്നു പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മറ്റു കേസുകള്‍ പരിഗണിച്ച ശേഷം രാവിലെ 11. 30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.
രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചത്. കേസിനു പിന്നിൽ സിപിഎം - ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണെന്നും രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ മുരളീധരൻ, അജയ് തറയിൽ, ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവർ രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.