ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി നാസയുടെ ഡാര്‍ട്ട് പേടകം; ദൗത്യം വിജയം

ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി നാസയുടെ ഡാര്‍ട്ട് പേടകം; ദൗത്യം വിജയം

വാഷിങ്ടണ്‍: ഭൂമിക്കു ഭീഷണിയായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.44നാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു.

ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന മറ്റൊരു ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ്  (Dimorphos) പേടകം ഇടിച്ചിറക്കിയത്. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിര്‍ത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണ് നടന്നത്.

ഭാവിയില്‍ ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച സംവിധാനമാണ് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാണ് നടന്നത്. ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23-നാണ് കാലിഫോര്‍ണിയയില്‍ നിന്ന് ഡാര്‍ട്ടിന്റെ വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങള്‍ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ല. എങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് വന്‍തോതില്‍ ബഹിരാകാശ ശിലകള്‍ എത്തിയേക്കാം എന്നാണ് നാസ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.


ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ മാറ്റമുണ്ടായോ എന്ന സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. കൂട്ടിയിടി നടന്നതിന് ശേഷം ഡൈഫോര്‍മോസിന്റെ തിളക്കത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂട്ടിയിടി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ശാസ്ത്രസംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഡാര്‍ട്ട് പേടകത്തിനകത്തെ ക്യാമറ പകര്‍ത്തിയ കൂട്ടിയിടിയുടെ അവസാന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പേടകം ഇതുമായി കൂട്ടിയിടിക്കുന്നത് പകര്‍ത്താന്‍ മറ്റൊരു ചെറിയ ഉപഗ്രഹമായ ലിസിയ ക്യൂബ് (LICIACube) കൂടി ഉണ്ടായിരുന്നു. ലിസിയ ക്യൂബ് പകര്‍ത്തിയ ചിത്രങ്ങള്‍ തിരിച്ച് ഭൂമിയില്‍ കിട്ടാന്‍ ഇനിയും താമസം എടുക്കും. ആ ചിത്രങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ ഡാര്‍ട്ട് പേടകം കൃത്യമായി എവിടെയാണ് ഇടിച്ചിറങ്ങിയത് എന്നു പറയാന്‍ സാധിക്കും.

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇടിച്ചിറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്ത് നിന്ന് 17 മീറ്റര്‍ മാറിയാണ് പേടകം ഇറങ്ങിയിരിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ദൗത്യത്തെ ഇത് ഒരു രീതിയിലും ബാധിക്കില്ല. ഇടിച്ചിറങ്ങിയ ശേഷം പേടകം ചിന്നിച്ചിതറി നഷ്ടമായിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ എത്ര വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത് എന്നും, സഞ്ചാരപാതയില്‍ മാറ്റം വന്നോ തുടങ്ങിയ കാര്യങ്ങളും അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും ദൗത്യസംഘം വ്യക്തമാക്കി.

525 അടി വ്യാസമാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഏകദേശം ഒരു ഈജിപ്ഷ്യന്‍ പിരമിഡിനോളം വലിപ്പവും വരും. ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ലെങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. ദൗത്യം വിജയിച്ചതോടെ കൊലയാളി ഛിന്നഗ്രഹങ്ങളെ തുരത്താനുള്ള സാങ്കേതിക വിദ്യകള്‍ക്ക് ഇത് ശക്തിപകരും. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ എത്രത്തോളം ശക്തിയുള്ള പേടകങ്ങള്‍ നിര്‍മിക്കേണ്ടി വരുമെന്ന ധാരണയും ഈ പരീക്ഷണത്തിലൂടെ ഗവേഷകര്‍ക്ക് ലഭിക്കും.

സൗരയൂഥത്തില്‍ ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ എല്ലാം നാസ നിരീക്ഷിക്കുന്നില്ല. അതില്‍ ഏകദേശം 40 ശതമാനത്തോളം ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 140 മീറ്റര്‍ വീതിയുള്ള ഛിന്നഗ്രഹങ്ങള്‍ വരെ അതിലുണ്ട്. ഡൈമോര്‍ഫസിന് 160 മീറ്റര്‍ ആണ് വ്യാസം. ഡിഡിമോസ്, ഡൈമോര്‍ഫസ് എന്നീ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.