ഫ്രാൻസിസ് പാപ്പാ വീണ്ടും ഗൾഫ് പര്യടനത്തിന്; നവംബർ ആദ്യം ബഹ്‌റൈൻ സന്ദർശിക്കും

ഫ്രാൻസിസ് പാപ്പാ വീണ്ടും ഗൾഫ് പര്യടനത്തിന്; നവംബർ ആദ്യം ബഹ്‌റൈൻ സന്ദർശിക്കും

റോം: നവംബർ ആദ്യവാരം ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് വത്തിക്കാന്റെ സ്ഥിരീകരണം. നവംബർ മൂന്നു മുതൽ ആറുവരെയാണ് പാപ്പ ബഹ്‌റൈനിൽ അപ്പസ്തോലിക പര്യടനം നടത്തുക. രാജ്യം സന്ദർശിക്കാനുള്ള ഭരണകൂടത്തിന്റെയും പ്രാദേശീക സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിലൂന്നി ബഹ്‌റൈനിൽ സമ്മേളിക്കുന്ന ഉച്ചകോടിയുടെ കൂടി പശ്ചാത്തലത്തിലാണ് മാർപ്പാപ്പയുടെ പര്യടനം. സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബെഹ്‌റൈൻ ആദ്യത്തെ പേപ്പൽ പര്യടനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍.

മനാലി, അവാലി നഗരങ്ങളിലാണ് പ്രധാനമായും പാപ്പ സന്ദർശിക്കുക. യാത്രയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിനങ്ങളിൽ വത്തിക്കാൻ പുറത്തുവിടും. രാജ്യത്ത് ആദ്യമായി എത്തുന്ന കത്തോലിക്കാ സഭയുടെ പരമാചാര്യനെ വരവേൽക്കാൻ ഇതിനോടകം പേർഷ്യൻ ഗൾഫ് ദ്വീപ് രാഷ്ട്രമായ ബഹ്‌റൈൻ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

2019 ല്‍ ഫ്രാന്‍സിസ് മാർപാപ്പ യുഎഇ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം അറേബ്യന്‍ ഗള്‍ഫിലേക്കുളള മാർപാപ്പയുടെ രണ്ടാം സന്ദർശനമാണിത്. കൂടാതെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ 39-ാമ​​​ത് അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ടനം കൂടിയാണ് ബഹ്‌റൈനിൽ നടക്കാൻ പോകുന്നത്. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ.

അറേബ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലമായ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ബഹ്‌റൈൻ. ബെനഡിക്ട് 16-ാംമൻ പാപ്പ 2008-ൽ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ബഹ്‌റൈൻ രാജാവ് സമ്മാനിച്ച സ്ഥലത്ത് നിർമിച്ച ദൈവാലയം കഴിഞ്ഞ വർഷമാണ് കൂദാശ ചെയ്തത്.

അതിന് മുന്നോടിയായി ബഹറൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കാനെത്തിയപ്പോൾ മുതൽ മാർപാപ്പയുടെ സന്ദർശനത്തിനായി ഉറ്റുനോക്കുകയായിരുന്നു രാജ്യം. പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച വിവരം അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു. നിർമിക്കാനുദ്ദേശിക്കുന്ന കത്തീഡ്രലിന്റെ മാതൃക ബഹ്‌റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ 2014ൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു.

ഇസ്ലാമിക രാജ്യമായ ബഹ്‌റൈനിൽ 1,70,000 ക്രൈസ്തവരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 1,40,000 പേർ കത്തോലിക്കരാണ്. ഇതിൽ ബഹ്‌റൈൻ പൗരന്മാരുടെ എണ്ണം 1000 മാത്രമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് മറ്റുള്ളവർ.

സെപ്റ്റംബർ 13 ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സമാധാനത്തിന്റെ സന്ദേശവുമായി മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ കസാക്കിസ്ഥാ​​​നി​​​ൽ അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​നം നടത്തിരിരുന്നു. ഏ​​​ഴാ​​​മ​​​ത് ലോക മതനേതാക്കളുടെ സമാധാന സമ്മേളനത്തില്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണു മാ​​​ർ​​​പാ​​​പ്പ ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ എ​​​ത്തി​​​യി​​​​​​ത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും പ്രതീക്ഷയുടെ കൈത്തിരിനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഓരോ അപ്പസ്തോലിക പര്യടനവും മുന്നോട്ട് പോകുന്നത്.

2019 ല്‍ അബുദബിയിലെത്തിയപ്പോള്‍ നടത്തിയ കുർബാനയില്‍ 1,50,000 ത്തിലധികം പേർ പങ്കെടുത്തിരുന്നു. ആ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്‍റെ ചെയർമാനുമായ ഡോ അഹമ്മദ് അൽ തയേബും ഒപ്പുവെച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയും ചരിത്രമായിരുന്നു. മാർപാപ്പയുടെ ബഹ്റിന്‍ സന്ദ‍ർശനവും വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.