റഷ്യയില്‍നിന്നു യൂറോപ്പിലേക്കുള്ള നോര്‍ഡ് സ്ട്രീം വാതക പൈപ്പ്‌ലൈനുകളില്‍ ചോര്‍ച്ച; ഭീകരാക്രമണമെന്ന് ഉക്രെയ്ന്‍

റഷ്യയില്‍നിന്നു യൂറോപ്പിലേക്കുള്ള നോര്‍ഡ് സ്ട്രീം വാതക പൈപ്പ്‌ലൈനുകളില്‍ ചോര്‍ച്ച; ഭീകരാക്രമണമെന്ന് ഉക്രെയ്ന്‍

കീവ്: റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള നോര്‍ഡ് സ്ട്രീം വാതക പൈപ്പ്‌ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തിയ സംഭവം റഷ്യ നടത്തിയ ഭീകരാക്രമണമെന്ന് ആരോപിച്ച് ഉക്രെയ്ന്‍. റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക് കടലിലൂടെ ജര്‍മ്മനിയിലെ ഗ്രിഫ്‌സ്വാള്‍ഡ് നഗരത്തിലേക്കാണ് പൈപ്പ് ലൈനുകള്‍ എത്തി ചേരുന്നത്. നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോര്‍ന്നത്.

പൈപ്പ് ലൈനില്‍ ചേര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ഭൂകമ്പ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവ സ്‌ഫോടനങ്ങളാണെന്നതില്‍ സംശയമില്ലെന്ന് സ്വീഡനിലെ നാഷണല്‍ സീസ്‌മോളജി സെന്ററിലെ ബ്യോണ്‍ ലണ്ട് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ ചോര്‍ച്ച് യൂറോപ്യന്‍ യൂണിയനോടുള്ള ആക്രമണമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. വരാനിരിക്കുന്ന ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വാതക വിതരണമില്ലെങ്കിലും രണ്ട് പൈപ്പ് ലൈനുകളിലും വാതകം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചോര്‍ച്ചകളെതുടര്‍ന്ന് ബാള്‍ട്ടിക് കടലിന്റെ ഉപരിതലത്തില്‍ വലിയ കുമിളകള്‍ രൂപപ്പെടുന്നത് ഡാനിഷ് സൈന്യം എടുത്ത ഫോട്ടോകളില്‍ കാണാം. കുമിളകളുടെ ശൃംഖലയ്ക്ക് ഏതാണ്ട് ഒരു കിലോമീറ്റര്‍ വ്യാസമുണ്ട്.

ഏട്ടാം മാസത്തിലേക്ക് കടന്ന റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് ബാള്‍ട്ടിക്ക് കടലില്‍ റഷ്യന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതെന്നതും ശ്രദ്ധേയം. റഷ്യയ്‌ക്കെതിരായി ഉക്രെയ്‌ന് പിന്തുണ നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളോട് റഷ്യ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

എണ്ണ വില റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന പിടിവാശിയും ഉക്രെയ്‌ന് സഹായം നല്‍കിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ വിതരണം നിര്‍ത്തലാക്കുമെന്ന് ഭീഷണിയും പുടിന്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തിയത്.

സെന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള റഷ്യന്‍ തീരം മുതല്‍ വടക്കുകിഴക്കന്‍ ജര്‍മ്മനി വരെ ബാള്‍ട്ടിക് കടലിനടിയില്‍ 745 മൈല്‍ (1,200 കിലോമീറ്റര്‍) വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈന്‍ ശൃംഖല. അതില്‍ ഒന്ന്, കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ റഷ്യ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. പിന്നീട് ഇതുവരെയും ആ പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല.

ബാള്‍ട്ടിക്ക് കടലിലൂടെ കടന്ന് പോകുന്ന പൈപ്പ് ലൈനായതിനാല്‍ ജര്‍മ്മന്‍, ഡാനിഷ്, സ്വീഡിഷ് അധികൃതരെല്ലാം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇപ്പോഴത്തെ ചോര്‍ച്ച ദിവസങ്ങളോളമോ ഒരു പക്ഷേ ഒരാഴ്ചയോ തുടരാന്‍ സാധ്യതയുണ്ടെന്ന് ഡാനിഷ് ഊര്‍ജ്ജ് അതോറിറ്റി, അറിയിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.