ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. 81,000 ഫോളോവേഴ്സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങള്‍ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്നാടും ഉത്തരവിറക്കി. ഇതിനോടകം കര്‍ണാടകയിലെ മംഗളൂരുവില്‍ സംഘടനയുടെ 12 ഓഫിസുകള്‍ അടച്ചുപൂട്ടി. 
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കു നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഐഎസ് ഉള്‍പ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തില്‍ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേല്‍പിക്കാന്‍ ശ്രമമുണ്ടാവുമെന്നും ഇന്നലെ പുലര്‍ച്ചെ 5.43നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 
പോപ്പുലര്‍ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ അംഗീകാരം ആദായ നികുതി വകുപ്പും റദ്ദാക്കി. 
ഈ മാസം 22നും 27നുമായി കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 286 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യുപി, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്തതായി കേന്ദ്രം വ്യക്തമാക്കി. 
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയാണ് നിരോധിക്കപ്പെട്ട സംഘടനകള്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.