അഹമ്മദാബാദ്: ഇന്ത്യയുടെ 36 -ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിഞ്ഞു. ഔദ്യോഗിക ഉദ്ഘാടനം അഹമ്മദാബാദിൽ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചു. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ ‘ഒളിമ്പിക്‌സി’ന് തുടക്കമായത്.
സ്പോർട്സിലൂടെ ഐക്യം എന്ന സന്ദേശം അർഥപൂർണമാക്കുന്ന അഞ്ചുമണിക്കൂർ കലാവിരുന്നാണ് ഒരുക്കിയത്. ഒളിമ്പ്യനായ നീന്തൽ താരം മാനാപട്ടേൽ് പ്രധാനമന്ത്രിക്ക് ദീപശിഖ കൈമാറി. ഇന്ത്യയുടെ അഭിമാനതാരങ്ങളായ നീരജ് ചോപ്ര, പി വി സിന്ധു, അഞ്‌ജു ബോബി ജോർജ്, ഗഗൻ നരംഗ്, മീരാഭായ് ചാനു, രവി ദഹിയ, ദിലീപ് ടിർക്കി എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും താരങ്ങൾ അണിനിരന്ന മാർച്ച്പാസ്റ്റിനെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉദ്ഘാടനച്ചടങ്ങ് വൈവിധ്യങ്ങളാലും വേറിട്ട കലാപരിപാടികൾകൊണ്ടും വിസ്മയമായി. ശങ്കർ മഹാദേവന്റെയും സംഘത്തിന്റെയും സംഗീതവിരുന്നും ലൈറ്റ്ഷോയും സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ സവാജിനൊപ്പം കലാകാരൻമാർ ചുവടുവച്ചു.
കേരളീയ വേഷത്തിൽ മാർച്ച്‌പാസ്‌റ്റിൽ ടീമുകൾ അക്ഷരമാലാക്രമത്തിൽ അണിനിരന്നു. ഇരുപതാമതായി കേരളം മൈതാനത്തെ വലംവച്ചു. പരമ്പരാഗത കേരളസാരി അണിഞ്ഞായിരുന്നു വനിതകൾ. കസവ് മുണ്ടും ജുബ്ബയും അണിഞ്ഞ് പുരുഷതാരങ്ങളും. കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് എം ശ്രീശങ്കർ പതാകയേന്തി.
തൊട്ടുപിന്നിലായി കേരള സംഘത്തലവൻ ഒളിമ്പ്യൻ വി ദിജുവും താരങ്ങളും അണിനിരന്നു. ആദ്യമായി ഗെയിംസിനെത്തിയ കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആറാമതായും ജമ്മു കശ്മീർ നാലാമതും അണിനിരന്നു. ലഡാക്കിൽനിന്ന് മൂന്നു താരങ്ങളാണ് പങ്കുചേർന്നത്. മുപ്പത്താറ് ഇനങ്ങളിൽ നടക്കുന്ന ഗെയിംസിൽ സർവീസസാണ് നിലവിലെ ജേതാക്കൾ. കേരളം രണ്ടാമതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.