ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ വാര്‍ത്തകളിലിടം പിടിച്ച ഓട്ടോ ഡ്രൈവര്‍ ബി.ജെ.പി റാലിയില്‍. കെജ്രിവാളിനെ അത്താഴത്തിനായി വീട്ടിലേക്ക് ക്ഷണിച്ച വിക്രം ദന്താനിയാണ് താന്‍ ബിജെപി അനുഭാവിയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിനെത്തിയ കെജ്രിവാളിനെ അത്താഴത്തിനായി ദന്താനി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച അദ്ദേഹം ഓട്ടോയില്‍ സഞ്ചരിച്ച വീഡിയോ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.
സെപ്റ്റംബര്‍ 13 ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി കെജ്രിവാള്‍ ടൗണ്‍ ഹാളില്‍ നടത്തിയ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. സംവാദത്തിനിടെ ദന്താനി ഡല്‍ഹി മുഖ്യമന്ത്രിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാലിത് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നുവെന്ന് ദന്താനി പറയുന്നു.
'ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയുടെ ഉറച്ച അനുയായിയും. ഞങ്ങളുടെ യൂണിയന്‍ നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടതിനാലാണ്കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടില്‍ ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍, കെജ്രിവാള്‍ അത് സ്വീകരിച്ചു. ഇത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് എഎപിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിന് ശേഷം ഒരു എഎപി നേതാവുമായും ബന്ധപ്പെട്ടിട്ടില്ല'- ദന്താനി പറഞ്ഞു.
വെള്ളിയാഴ്ച രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ മോഡിയുടെ പൊതു റാലിയിലാണ് ദന്താനി ശ്രദ്ധാ കേന്ദ്രമായത്. ബിജെപിയുടെ സ്‌കാര്‍ഫും തൊപ്പിയും ധരിച്ചാണ് ഇയാള്‍ റാലിക്കെത്തിയത്. 'ഞാന്‍ മോഡിജിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഞാന്‍ റാലിക്കായി വന്നത്. ഞാന്‍ ആദ്യം മുതല്‍ ബിജെപിക്കൊപ്പമാണ്. മുന്‍കാലങ്ങളില്‍ എല്ലായ്‌പ്പോഴും എന്റെ വോട്ട് ബിജെപിക്ക് നല്‍കിയിരുന്നു. ഒരു സമ്മര്‍ദത്തിന് കീഴിലല്ല ഞാന്‍ ഇത് പറയുന്നതെന്നും ദന്താനി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.