ഖത്തർ: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശത്തിലാണ് ഖത്തർ. നവംബറില്‍ ആരംഭിക്കുന്ന ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഫിഫ ടൂർണമെന്‍റായിരിക്കുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പിന്‍റെ ചെലവ് 220 ബില്ല്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 2018 റഷ്യ ചെലവഴിച്ചതിന്‍റെ 20 മടങ്ങാണിത്.
2010 ലാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുളള അവസരം ഖത്തറിന് ലഭിക്കുന്നത്. മേഖലയിലെതന്നെ ആദ്യ ലോകകപ്പിനാണ് ഖത്തർ ആതിഥ്യമരുളുന്നത്. 1.5 ദശലക്ഷം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പില്‍ സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി വന്‍ തുകയാണ് ഖത്തർ ചെലവിട്ടത്.
2006 ല്‍ ജർമ്മനിയില്‍ നടന്ന ലോകകപ്പിന്‍റെ ചെലവ് ഏകദേശം 4.3 ബില്ല്യണ്‍ ഡോളറാണ്. 2014 ല്‍ ബ്രസീല്‍ ചെലവഴിച്ചത് 15 ബില്ല്യണ്‍ ഡോളറായിരുന്നു. ദക്ഷിണാഫ്രിക്ക നാല് വർഷം മുന്‍പ് 3.6 ബില്ല്യണ്‍ ഡോളർ ചെലവഴിച്ചിരുന്നു. ഖത്തറിലേക്ക് എത്തുമ്പോള്‍ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിന് മാത്രം ഏകദേശം 6.5 ബില്ല്യണ്‍ മുതല്‍ 10 ബില്ല്യണ്‍ ഡോളർ വരെയാണ് ചെലവായത്. 220 ബില്ല്യണ്‍ ഡോളറില്‍ ബാക്കിയുളളത് ഖത്തർ 2030യുടെ ഭാഗമായുളള പദ്ധതികള്‍ക്കായാണ് ചെലവഴിച്ചത്. അതായത് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലോകകപ്പും ഖത്തർ നാഷണല്‍ വിഷന്‍ 2030 ന്‍റെ ഭാഗമാണ്. വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾക്ക് പുറമെ നഗര-ദേശീയ സൗകര്യങ്ങളുടെയും വ്യവസായത്തിന്‍റെയും വികസനം പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് സർക്കാരിന്‍റെ നയമെന്ന് ടൂർണമെന്‍റിന്‍റെ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്മ അൽ നുഐമി പറഞ്ഞു.
പുതിയ റോഡുകൾ, സബ്‌വേ, വിമാനത്താവളം, ഹോട്ടലുകൾ, മറ്റ് ടൂറിസ്റ്റ് സൗകര്യങ്ങൾ എന്നിങ്ങനെ ലോകകപ്പിന് എത്തുന്നവരെ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് വികസന പദ്ധതികള്‍ ഖത്തർ നടപ്പിലാക്കിയത്. 2019 ല്‍ ആരംഭിച്ച ഭൂഗർഭ ഗതാഗത ശൃംഖലയുടെ നിർമ്മാണത്തിന് ഏകദേശം 36 ബില്യൺ ഡോളറായിരുന്നു ചെലവ്. ലോകകപ്പ് കാണാനെത്തുന്നവർക്ക് സുഗമസഞ്ചാരം ഭൂഗർഭ ഗതാഗത ശൃംഖല ഉറപ്പുവരുത്തുന്നു.2014 ലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 16 ബില്ല്യണ്‍ ഡോളറാണ് ഇതിന്‍റെ വികസനത്തിനായി ചെലവഴിച്ചത്.
ലൂസൈല്‍ സിറ്റിയുടെ നിർമ്മാണത്തിനായും വന്‍ തുകയാണ് ഖത്തർ ചെലവഴിച്ചത്. ഉയർന്ന ജീവിത നിലവാരമുളള വികസിത സമൂഹമാക്കി രാജ്യത്തെ ഉയർത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് 2008 ല്‍ ഖത്തർ നാഷണല്‍ വിഷന്‍ 2030 പ്രഖ്യാപിക്കപ്പെട്ടത്. ഇതിനിടെ 600 ലധികം പ്രാദേശിക അന്തർദേശീയ അത്ലറ്റിക് മത്സരങ്ങള്‍ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കിക്കോഫിനായി കാത്തിരിക്കുകയാണ് ഖത്തർ, ഒപ്പം ഫുട്ബോള്‍ ലോകവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.