ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതി മുത്തുകുമാര്‍ പിടിയില്‍, രണ്ട് പേര്‍ ഒളിവില്‍

ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതി മുത്തുകുമാര്‍ പിടിയില്‍, രണ്ട് പേര്‍ ഒളിവില്‍

ആലപ്പുഴ: ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എ.സി കോളനിയിലെ വീട്ടില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി മുത്തുകുമാറിനെ പിടികൂടി. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് കലവൂര്‍ ഐടിസി കോളനിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും.

ആകെ മൂന്ന് പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ കേരളം വിട്ടതായാണു സൂചനയുണ്ട്. കയര്‍ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനുള്ളില്‍ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ബിന്ദുമോനും മുത്തുകുമാറും പരിചയക്കാരാണ്. അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26 മുതല്‍ കാണാനില്ലായിരുന്നു. അവസാനം ഫോണ്‍ വിളിച്ചവരിലേക്ക് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതില്‍ മുത്തുവിന്റെ പ്രതികരണത്തില്‍ സംശയം തോന്നിയതോടെ സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.

മുത്തുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളയോടു ചേര്‍ന്നുള്ള ചായ്പില്‍ കോണ്‍ക്രീറ്റ് തറയുടെ ഭാഗങ്ങള്‍ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നി ഇന്നലെ തറ പൊളിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തറ നിരപ്പില്‍ നിന്നു രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.