കാലിഫോര്‍ണിയ: നാസയുടെ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്) ബഹിരാകാശ പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് പുറത്തുവിട്ടു. ഭൂമിക്കു ഭീഷണിയായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഡാര്‍ട്ട് പേടകം നാസ വികസിപ്പിച്ചത്. കഴിഞ്ഞ 27 നാണ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസുമായി ഡാര്‍ട്ട് കൂട്ടിയിടിച്ചത്.
നേരത്തെ, മറ്റൊരു ഉപഗ്രഹമായ ലിസിയ ക്യൂബ് പകര്‍ത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങള്‍ ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ഡാര്‍ട്ട് കൂട്ടിയിടിയുടെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിരിക്കുകയാണ്.
ഡാര്‍ട്ടും ഡൈമോര്‍ഫസും തമ്മിലുള്ള കൂട്ടിയിടി ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പും ഹബിള്‍ ദൂരദര്‍ശിനിയും ബഹിരാകാശത്ത് ഒരേ ദിശയില്‍ ഒരേ വസ്തുവിലേക്ക് തിരിഞ്ഞ് വീക്ഷിച്ച സംഭവമാണ്.
ഹബിള്‍ ദൂരദര്‍ശിനിയും ജെയിംസ് വെബ്ബും പകര്‍ത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങള്‍
ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളുടെ പാതയെ ബഹിരാകാശ പേടകം ഇടിച്ചിറക്കി മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് ഡാര്‍ട്ട് പദ്ധതി നടപ്പാക്കിയത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ കൂട്ടിയിടി വരെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ നാസയ്ക്കു കഴിഞ്ഞു. എന്നാല്‍ കൂട്ടിയിടിയുടെ ഫലമായി ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ടോ എന്നത് നിര്‍ണയിക്കാനിരിക്കുന്നതേയുള്ളൂ.
കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള നിരവധി ദൃശ്യങ്ങള്‍ ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പകര്‍ത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വിവരങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.