ലോകത്തിലെ അടുത്ത സൂപ്പർ ഭൂഖണ്ഡം രൂപീകരിക്കപെടുന്നു; പസഫിക് സമുദ്രം അപ്രത്യക്ഷമാകുമെന്ന് പഠനം

ലോകത്തിലെ അടുത്ത സൂപ്പർ ഭൂഖണ്ഡം രൂപീകരിക്കപെടുന്നു; പസഫിക് സമുദ്രം അപ്രത്യക്ഷമാകുമെന്ന് പഠനം

സിഡ്‌നി: അടുത്ത 200 മുതൽ 300 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ എല്ലാ ഭൂഖണ്ഡങ്ങളും ഒരുമിച്ച് ചേർന്ന് പുതിയ സൂപ്പർ ഭൂഖണ്ഡം പസഫിക് സമുദ്രത്തിൽ രൂപീകരിക്കപെടുമെന്ന് പഠനം. അമസിയ എന്നാകും പുതിയ സൂപ്പർ ഭൂഖണ്ഡം അറിയപ്പെടുക. ഈ പ്രക്രിയ പൂർണ്ണമാകുന്നതോടെ പസഫിക് സമുദ്രം അപ്രത്യക്ഷമാകുമെന്നും ഓസ്ട്രേലിയയിലെ ന്യൂ കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്തിൽ നിലവിലുള്ള വിവിധ ഭൂഖണ്ഡങ്ങളെ ഒരുമിച്ച് ചേർന്ന് ഉത്തരധ്രുവത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന അമസിയ എന്ന പുതിയ സൂപ്പർ ഭൂഖണ്ഡം രൂപീകരിക്കപ്പെടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പഠനത്തിന്റെ വിശദാംശങ്ങൾ നാഷണൽ സയൻസ് റിവ്യൂവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷക സംഘം ഭൂമിയുടെ ടെക്റ്റോണിക് പ്ലേറ്റുകളുടെ 4D ജിയോഡൈനാമിക് മോഡലിംഗ് ഉപയോഗിച്ച് ഈ സൂപ്പർ ഭൂഖണ്ഡം എങ്ങനെ രൂപപ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യ കിഴക്ക് അമേരിക്കയുടെ ദിശയിൽ നീങ്ങുന്നതായി ഗവേഷകർ നിർമ്മിച്ച മോഡലിൽ വ്യക്തമാക്കുന്നു. മൂന്ന് ഭൂഖണ്ഡങ്ങളും ഒരു പസ്സിൽ പീസ് പോലെ കൂടിച്ചേരുന്നത് വരെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. അന്റാർട്ടിക്ക ഒടുവിൽ തെക്കേ അമേരിക്കയിലേക്കുള്ള വഴിയെ നീങ്ങുന്നുണ്ട്. പിന്നീട് ആഫ്രിക്ക ഒരു വശത്ത് ഏഷ്യയോടും മറുവശത്ത് യൂറോപ്പിനോടും ചേർന്ന് അമസിയ രൂപീകരിക്കപ്പെടുന്നതായും മോഡലിൽ കാണിക്കുന്നു.

പുതിയ കണ്ടെത്തലുകൾ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അടുത്ത 200 ദശലക്ഷം വർഷങ്ങളിൽ ഭൂമിക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതാണെന്നും കർട്ടിന്റെ എർത്ത് ഡൈനാമിക്‌സ് റിസർച്ച് ഗ്രൂപ്പിലെയും സ്കൂൾ ഓഫ് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസിലെയും ഗവേഷകൻ ഡോ.ചുവാൻ ഹുവാങ് പറഞ്ഞു.

കഴിഞ്ഞ 2 ബില്യൺ വർഷങ്ങളിൽ വിവിധ ഭൂഖണ്ഡങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഓരോ 600 ദശലക്ഷം വർഷത്തിലും ഒരു സൂപ്പർ ഭൂഖണ്ഡം രൂപപ്പെടുന്നുണ്ടെന്നാണ് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത് സൂപ്പർ ഭൂഖണ്ഡ ചക്രം എന്നറിയപ്പെടുന്നു. ഇത്തരത്തിൽ അവസാനമായി രൂപപ്പെട്ടിരിക്കുന്നത് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട പാംഗിയയാണ്. ഇതിനർത്ഥം നിലവിലെ ഭൂഖണ്ഡങ്ങൾ രണ്ട് കോടി വർഷങ്ങൾക്കുള്ളിൽ വീണ്ടും ഒരുമിച്ച് ചേരുമെന്നാണെന്നും ഡോ. ഹുവാങ് പറഞ്ഞു.

അമേരിക്കൻ ഭൂഖണ്ഡം ഏഷ്യയുമായി കൂട്ടിയിടിക്കുമ്പോൾ പസഫിക് സമുദ്രം അറ്റ്ലാന്റിക്കിനും ഇന്ത്യൻ മഹാസമുദ്രത്തിനും വിപരീതമായി അപ്രതീക്ഷിതമാകുമെന്ന് ചിലർ വിശ്വസിക്കുന്നതിനാലാണ് പുതിയ സൂപ്പർ ഭൂഖണ്ഡത്തിന് അമാസിയ എന്ന് പേരിട്ടിരിക്കുന്നത്. നിലവിൽ പസഫിക് സമുദ്രം ഈ സൂപ്പർ ഭൂഖണ്ഡത്തിന്റെ രൂപാന്തരീകരണത്തിന്റെ ഭാഗമായി ചുരുങ്ങികൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.


ഈ സുപ്രധാന സംഭവത്തിൽ ഓസ്‌ട്രേലിയയും ഒരു പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യയുമായി കൂട്ടിയിടിച്ച് പസഫിക് സമുദ്രം അപ്രത്യക്ഷമായി കഴിഞ്ഞാൽ അമേരിക്കയും ഏഷ്യയും ബന്ധിപ്പിക്കപ്പെടും. എന്നാൽ ഈ കൂട്ടിയിടിക്കലിൽ ഭൂഖണ്ഡങ്ങൾ പിടിച്ചുനിൽക്കുകയാണെങ്കിൽ ഭൂമിയുടെ ഭാവിയെക്കുറിച്ച് ഒരു നേർക്കാഴ്ച നൽകുന്ന ശ്രദ്ധേയമായ കണ്ടെത്തലാകും ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

എന്നാൽ ഗവേഷണത്തിനായി ഉപയോഗിച്ച പാൻജിയ പ്രോക്സിമ മോഡൽ ഉൾപ്പെടെ ഉള്ള ഈ കണ്ടെത്തലുകൾ ഇപ്പോഴും ഭൂഖണ്ഡങ്ങളുടെ മാറ്റത്തെക്കുറിച്ചുള്ള നിരവധി അനുമാനങ്ങളിൽ ഒന്ന് മാത്രമാണ്. പസഫിക് സമുദ്രത്തിന് പകരം കൂട്ടിയിടിക്കലിൽ അറ്റ്ലാന്റിക്, ഇന്ത്യൻ സമുദ്രങ്ങൾ അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്.

ലോകം മുഴുവനും ഒരു ഭൂഖണ്ഡത്തിന്റെ കീഴിൽ വരുന്നത് ഭൂമിയുടെ ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും നാടകീയമായി മാറ്റുമെന്ന് കർട്ടിന്റെ സ്കൂൾ ഓഫ് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസിലെ പ്രൊഫസർ ഷെങ്-സിയാങ് ലി പറഞ്ഞു. അമസിയ രൂപപ്പെടുമ്പോൾ ഭൂമി തികച്ചും വ്യത്യസ്തമായിരിക്കും.

സമുദ്രനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സൂപ്പർ ഭൂഖണ്ഡത്തിന്റെ വിശാലമായ ഉൾഭാഗം ഉയർന്ന ദൈനംദിന താപനില പരിധികളാൽ വളരെ വരണ്ടതായിരിക്കുമെന്നും പ്രൊഫസർ ലി പറഞ്ഞു. ഭൂമിയിൽ നിലവിൽ വ്യത്യസ്‌തമായ ആവാസവ്യവസ്ഥകളും മനുഷ്യ സംസ്‌കാരങ്ങളും ഉള്ള ഏഴ് ഭൂഖണ്ഡങ്ങൾ ഉണ്ട്. അതിനാൽ 200 മുതൽ 300 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ലോകം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നത് കൗതുകകരമാണെന്നും പ്രൊഫസർ ലി കൂട്ടിച്ചേർത്തു.

ആദ്യത്തെ സൂപ്പർ ഭൂഖണ്ഡം എന്ന് വിശ്വസിക്കപ്പെടുന്ന വാൽബറ 3.3 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് രൂപപ്പെട്ടത്. തുടർന്ന് 300 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഉർ ഉണ്ടായി. എന്നാൽ ഊർ അതിന്റെ അസ്തിത്വം കാണിക്കുന്ന ശക്തമായ തെളിവുകൾ കാരണം ആദ്യത്തെ സൂപ്പർ ഭൂഖണ്ഡമായി പരക്കെ അംഗീകരിക്കപ്പെട്ടു. വാൽബറയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പിന്നീട് 2.7 ബില്യൺ വർഷങ്ങൾക്ക് മുമ്പ് കെനോർലാൻഡ് രൂപപ്പെട്ടു.

ശേഷം 1.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് വലിയ കൂട്ടിയിടി മൂലം രൂപംകൊണ്ട കൊളംബിയ വന്നു. പിന്നീട് ഏതാനും നൂറു ദശലക്ഷം വർഷങ്ങൾകൊണ്ട് കൊളംബിയ പിളരാൻ തുടങ്ങിയപ്പോൾ, ഏകദേശം ഒരു ബില്യൺ വർഷങ്ങൾക്ക് മുമ്പ് റോഡിനിയ രൂപീകരിക്കുകയും അടുത്ത 350 ദശലക്ഷം വർഷത്തേക്ക് ലോകത്തിൽ നിലനിൽക്കുകയും ചെയ്തു.

തുടർന്ന് 600 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പന്നോട്ടിയ രൂപീകരിക്കപ്പെട്ടു. അതിനും ശേഷമാണ് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധമായ പാംഗിയ പ്രത്യക്ഷപ്പെട്ടത്. ഈ വലിയ ഭൂഖണ്ഡം ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ജുറാസിക് കാലഘട്ടത്തിൽ വിഘടിക്കാൻ തുടങ്ങി, ഒടുവിൽ ആധുനിക ഭൂഖണ്ഡങ്ങളും അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളും രൂപപ്പെട്ടു. ഇനി അടുത്ത സൂപ്പർ ഭൂഖണ്ഡം അമസിയ ആയിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.