പാലക്കാട്: വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ നരഹത്യയ്ക്ക് കേസ് എടുത്തു. വടക്കഞ്ചേരി പൊലീസാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. ജോമോന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ മനപ്പൂര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യമില്ലാവകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ജോമോനെയും കൊണ്ട് തെളിവെടുപ്പ് നടത്തും.
ഇതിനിടെ ജോമോന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കാക്കനാടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവ സമയം ജോമോന്‍ മദ്യപിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനായാണ് സാമ്പിളുകള്‍ അയച്ചത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലാണ് ജോമോന്റെ സാമ്പിളുകള്‍ പൊലീസ് സംഘം എടുത്തത്. ഇയാളുടെ വൈദ്യ പരിശോധന ഇന്നലെ വൈകിട്ട് തന്നെ പൂര്‍ത്തിയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എടുക്കും. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസിനോട് ഉള്‍പ്പെടെ കള്ളം പറഞ്ഞതും ജോമോന്റെ മുന്‍കാല പശ്ചാത്തലവും പരിശോധിക്കും.
കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ ജോമോന്‍ നിയമ ലംഘനം നടത്തിയോ എന്നത് സംബന്ധിച്ച വിവരങ്ങളും പൊലീസ് തേടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.