തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികള്‍ അഞ്ച് വര്‍ഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലന്‍സ് കണ്ടെത്തല്‍. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വീടും സ്ഥലവും ഇവര്‍ വാങ്ങി. ബന്ധുക്കളുടെ പേരില്‍ കോടികളുടെ നിക്ഷേപം നടത്തിയതു സംബന്ധിച്ചും വിജിലന്‍സിനു സൂചന ലഭിച്ചിട്ടുണ്ട്.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഖല സ്‌ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത്, ഭാര്യയും മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റുമായ എസ്.ആര്‍.ഗീത എന്നിവരെയാണ് വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.
2014 മെയ് ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇരുവരും 1,32,51,431 രൂപ സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തി. ഈ കാലയളവില്‍ ഇരുവരും ജിയോളജിസ്റ്റുകളായിരുന്നു. 1.32 കോടി രൂപ സമ്പാദിച്ചതില്‍ 90,47,495 രൂപ ചെലവഴിച്ചതായും 42,03,936 രൂപ മിച്ചമുണ്ടെന്നും ദമ്പതികള്‍ വിജിലന്‍സിനു മുന്‍പാകെ മൊഴി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്ക് 91,79,692 രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. ശമ്പളത്തിന്റെ 37.54 % അധികം സ്വത്താണ് ഇവര്‍ക്കുള്ളത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണലയത്താണ് ദമ്പതികളുടെ വീട്. 2002ല്‍ സര്‍വീസില്‍ ചേര്‍ന്ന ഇവരുടെ അഞ്ച് വര്‍ഷത്തെ സ്വത്തു സമ്പാദന കണക്കുകള്‍ മാത്രമാണ് ഇതു വരെ പരിശോധിച്ചത്. 2014നു മുന്‍പും 2019നു ശേഷവുമുള്ള സമ്പാദ്യത്തെക്കുറിച്ചും പരിശോധന നടത്തും.
ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചിരുന്നു. ചില ബന്ധുക്കള്‍ക്ക് വന്‍ ആസ്തിയുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഉറവിടം അന്വേഷിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.