തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതാ സമരം മൂലമുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്‌സ് സി.ഇ.ഒ രാജേഷ് ഝാ വ്യാഴാഴ്ച ചര്‍ച്ച നടത്തും.
സമരത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാകും പ്രധാന ചര്‍ച്ച. കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ലത്തീന്‍ അതിരൂപതയുമായുളള തര്‍ക്കത്തില്‍ ഇടപെടേണ്ടയെന്നുമാണ് തന്റെ ഉദ്യോഗസ്ഥര്‍ക്ക് ഗൗതം അദാനിയുടെ നിര്‍ദ്ദേശം. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചര്‍ച്ചയിലൂടെയുമുള്ള സമവായ സാധ്യതയാകും സര്‍ക്കാര്‍ തേടുക.
അദാനിയുടെ നഷ്ടക്കണക്കില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. കരാര്‍ പ്രകാരം 2019ല്‍ തുറമുഖത്തിന്റെ പണി തീരേണ്ടതായിരുന്നുവെന്ന് മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കരാര്‍ ലംഘനം കാണിച്ച് അദാനിയും സര്‍ക്കാരും നല്‍കിയ പരാതികള്‍ ആര്‍ബിട്രേഷന്റെ പരിഗണനയിലാണ്. ഇതിനിടെയാണ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിസില്‍) നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്.
സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കടുത്ത അമര്‍ഷത്തിലാണ് രൂപത. എരിതീയില്‍ എണ്ണയൊഴിക്കുന്ന വിസില്‍ ശുപാര്‍ശയില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.