മൂന്നാഴ്ച പിന്നിട്ടിട്ടും അണയാതെ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം; കലാപക്കെടുതിയില്‍ ഇതുവരെ 185 മരണം

മൂന്നാഴ്ച പിന്നിട്ടിട്ടും അണയാതെ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം; കലാപക്കെടുതിയില്‍ ഇതുവരെ 185 മരണം

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം അതിരൂക്ഷമായി തുടരുന്നു. 22 കാരിയായ മഹ്സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ഇതുവരെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി ഉയര്‍ന്നു. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു.

പ്രതിഷേധം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് രണ്ട് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മനുഷ്യവകാശ നിരീക്ഷകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കുര്‍ദിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സാനന്ദാജില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) അംഗവും ബാസിജ് അര്‍ധസൈനിക വിഭാഗത്തിലെ ഒരു അംഗവുമാണ് കൊല്ലപ്പെട്ടത്.



നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹവും പ്രധാന തെരുവുകളില്‍ സ്ഥിരമായ പട്രോളിംഗുമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധങ്ങളില്‍ ഐആര്‍ജിസി, ബാസിജ് തുടങ്ങിയ സുരക്ഷാ സേനയിലെ 20 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ സുരക്ഷാ സേന നിരവധി സ്‌കൂള്‍ കുട്ടികളെ സ്‌കൂള്‍ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തതായും കുര്‍ദിസ്ഥാനിലെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇറാനിയന്‍ അധികൃതര്‍ അടച്ചതായും വിവരമുണ്ട്.

മര്‍ദ്ദനം, അറസ്റ്റുകള്‍, വെടിവെയ്പ്പ്, ഇന്റര്‍നെറ്റ് തടസപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളാണ് പോലീസ് പ്രയോഗിക്കുന്നത്. എന്നിട്ടും പ്രതിഷേധം രാജ്യമെമ്പാടും കൂടുതല്‍ ശക്തമായി വ്യാപിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഡസന്‍ കണക്കിന് ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ തടങ്കലിലാക്കുകയും ചെയ്ത രക്തരൂക്ഷിതമായ അടിച്ചമര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും അധികാരികളോടുള്ള ദേഷ്യം കൂടുതല്‍ തീവ്രമാകുകയാണെന്ന് 35 കാരിയായ യൂണിവേഴ്‌സിറ്റി ബിരുദധാരി ഷാരോ പറഞ്ഞു.

മിക്കവാറും എല്ലാ തെരുവുകളിലും പട്രോളിംഗ് ഉണ്ട്. തെരുവില്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് നടന്നാലും അവര്‍ അവരെ ഓടിച്ച് വിടുമെന്നും ഷാരോ പറഞ്ഞു. പ്രകടനത്തിനിടെ സുരക്ഷാ സേന ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് തോക്കുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇത് കണ്ട് പലരും ഓടിപ്പോയി. മോട്ടോര്‍ സൈക്കിളിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. വെടിവെപ്പും ഉണ്ടായി. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം ഇറാന്‍ അധികൃതര്‍ നിഷേധിക്കുകയാണ്.

ഫ്രാന്‍സ് ആസ്ഥാനമായുള്ള കുര്‍ദിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സാനന്ദാജില്‍ രണ്ട് പ്രതിഷേധക്കാര്‍ ശനിയാഴ്ച കൊല്ലപ്പെട്ടത് വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നും ഷാരോ പറയുന്നു. മുറിവേറ്റവര്‍ പലപ്പോഴും ആംബുലന്‍സുകള്‍ ഉപയോഗിക്കാനോ ആശുപത്രികളില്‍ പോകാനോ വിമുഖത കാണിച്ചിരുന്നു. അവര്‍ക്ക് തങ്ങള്‍ അറസ്റ്റിലാകുമെന്ന് ഭയമുണ്ട്. എങ്കിലും പ്രതിഷേധക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

'സ്വേച്ഛാധിപതിക്ക് മരണം' എന്ന് മുദ്രവാക്യം വിളിച്ചാണ് തെരുവുകളില്‍ അവര്‍ പ്രതിഷേധിക്കുന്നത്. കുര്‍ദിഷ് കൂടുതലുള്ള പ്രദേശത്താണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതെങ്കിലും വംശീയമോ പ്രാദേശികമോ ആയ രീതിയില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഗവേഷകയായ താര സെപെഹ്രി ഫാര്‍സ് പറഞ്ഞു. ആ അര്‍ത്ഥത്തില്‍ ഈ പ്രതിഷേധങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

സര്‍വ്വകലാശാലകളും സ്‌കൂളുകളും തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ചെറിയ റാലികള്‍ നടത്തുകയും ഹിജാബ് വിരുദ്ധ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. സ്‌കൂള്‍ പെണ്‍കുട്ടികള്‍ തെരുവില്‍ ശിരോവസ്ത്രം അഴിച്ചുമാറ്റുന്നതും ആക്രോശിക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഒരുമിച്ച് നിന്നില്ലെങ്കില്‍ അവര്‍ ഓരോരുത്തരായി കൊല്ലുമെന്ന സന്ദേശമാണ് ഈ വിദ്യാര്‍ത്ഥികള്‍ വീഡിയോകളിലൂടെ പങ്കുവെയ്ക്കുന്നത്.

ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുകയാണ് സുരക്ഷാ സേന. പ്രതിഷേധങ്ങള്‍ക്കിടെ കിഴക്കന്‍ മഷാദില്‍ യുദ്ധോപകരണങ്ങളുമായി എത്തിയ ഒരു സ്ത്രീയെ പോലീസ് വെടിവച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയായ യുവതിയെ സായുധ സേനാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുന്നതും സാധാരണമാകുകയാണ്. മൂന്നാഴ്ച മുമ്പ് മഹ്‌സ അമിനി സഹോദരനൊപ്പം ടെഹ്‌റാനിലെത്തിയപ്പോള്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് ഇവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കിയിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ സെപ്തംബര്‍ 16 ന് മഹ്‌സ മരണത്തിന് കീഴടങ്ങി. മഹ്സ അമിനിയുടെ മരണവാര്‍ത്ത അവളുടെ സ്വദേശമായ കുര്‍ദിസ്ഥാനില്‍ ഉടനീളം അതിവേഗമാണ് പടര്‍ന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രത്യേക നിയമം പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു മഹ്‌സ അമിനിയെ മത പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.

സെപ്റ്റംബര്‍ 17 ന് സാക്വസിലെ അമിനിസ് പട്ടണത്തില്‍ അമിനിയുടെ സംസ്‌കാരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതിഷേധക്കാരെകൊണ്ട് പ്രദേശം നിറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. ഇറാനിലുടനീളമുള്ള നഗരങ്ങളില്‍ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന് ആവര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് രംഗത്തെത്തിയിരുന്നു.

മഹ്‌സ അമിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച രാജ്യത്തെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി പ്രതിഷേധക്കാര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ചു. കലാപത്തെ ശക്തമായി നേരിടുമെന്നും പറഞ്ഞു. ഇതിന് പിന്നാലെ ടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സുരക്ഷാ സേന വെടിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.