ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസാകും; 2024 നവംബര്‍ പത്ത് വരെ പദവിയില്‍

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസാകും; 2024 നവംബര്‍ പത്ത് വരെ പദവിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പതാമത്് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢ് എന്ന ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാന്‍ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയത്.

നവംബര്‍ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാര്‍ശയുടെ പകര്‍പ്പ് രാവിലെ പത്തിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചില്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ് ചീഫ് ജസ്റ്റിസ് യു.യു ലളിത് കൈമാറി.

ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ഡോ. ഡി.വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബര്‍ പത്തിനാണ് വിരമിക്കുക. 2016 മെയ് 13നായിരുന്നു ഡി.വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേറ്റത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.

2000 മാര്‍ച്ച് 29 നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയില്‍ ആയിരുന്നു സേവനം. മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു ബിരുദ പഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം സ്വന്തമാക്കിയത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് അദ്ദേഹമായിരുന്നു. അയോധ്യയിലെ ഭൂമി തര്‍ക്ക കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു.

ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്ന വിധിയും ശ്രദ്ധേയമായിരുന്നു.

ഡി.വൈ ചന്ദ്രചൂഢിന്റെ പിതാവ് വൈ.വി ചന്ദ്രചൂഢ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയായിരുന്നു വൈ.വി ചന്ദ്രചൂഢ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.