നരബലി: മൃതദേഹാവശിഷ്ടം കണ്ടെത്തി; 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഉപ്പു വിതറി

നരബലി: മൃതദേഹാവശിഷ്ടം കണ്ടെത്തി; 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഉപ്പു വിതറി

പത്തനംതിട്ട: ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്നു കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയില്‍ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ശരീരഭാഗങ്ങള്‍ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം ഭഗവല്‍ സിങ് ലൈല ദമ്പതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്മയുടെ മൃതദേഹമെന്നാണ് സൂചന. ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. 20 കഷ്ണങ്ങളോളം കണ്ടെത്തിയിട്ടുണ്ട്.

ഇതേ പറമ്പിലെ മറ്റൊരു ഭാഗത്താണ് റോസ്ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. മൃതശരീരം കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തി അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം എത്തിയാണ് പരിശോധന നടത്തിയത്.

ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാലടിയില്‍ നിന്ന് കടത്തിക്കൊണ്ടു പോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്.

പ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസിലാക്കിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞള്‍ നട്ടിരുന്നു.

കൊലപാതകം ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നാണ് സൂചന. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടു പോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

കുറച്ച് നാള്‍ മുമ്പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26 നാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജൂണ്‍ മാസമാണ് കാലടി സ്വദേശിനിയായ റോസിലിനെ കാണാതാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.