അടൂര്‍: മയക്കുമരുന്നുമായി പിടിയിലായ മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മന്‍സിലില്‍ മുഹമ്മദ് റിയാസ് (26) എം.ഡി.എം.എ വില്‍പന സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്. എം.ഡി.എം.എയുടെ ചെറുകിട കച്ചവടക്കാരായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജില്ലയിലെ മൊത്ത വിതരണക്കാരനെന്ന് കരുതുന്ന മുഹമ്മദ് റിയാസിലേക്ക് പ്രത്യേക അന്വേഷണ സംഘം എത്തിയത്.
റിയാസില്‍ നിന്നും പിടിച്ചെടുത്ത ആറ് ഗ്രാം ഉള്‍പ്പെടെ നാല് പ്രതികളില്‍ നിന്നുമായി ഒന്‍പത് ഗ്രാമിലധികം എം.ഡി.എം.എയാണ് കണ്ടെത്തിയത്.
നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തിലുള്ള അടൂര്‍ പൊലീസും ചേര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിതൃസഹോദരന്റെ പറക്കോട്ടുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എം.ഡി.എം.എ അടിവസ്ത്രത്തില്‍ പൊതിഞ്ഞ് അടുത്ത പുരയിടത്തിലേക്ക് എറിയാനും നശിപ്പിക്കാനും പ്രതി ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചെടുത്തു. ബി.ടെക് ബിരുദധാരിയായ റിയാസ് വിദേശത്ത് ജോലിക്കായി ഒരാഴ്ച്ചയ്ക്കുള്ളില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എ 6000 രൂപയ്ക്ക് ലഭ്യമാക്കിയശേഷം അത് രണ്ട് കവറിലാക്കി ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നതായിരുന്നു രീതി.
അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് എസ്.ഐ അജി സാമുവേല്‍, സി.പി.ഒമാരായ മിഥുന്‍ കെ. ജോസ്, ബിനു, സുജിത്ത്, അഖില്‍, ശ്രീരാജ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ അനുരാഗ് മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.