കൊച്ചി: രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വഴി തടസപ്പെടുത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി.
ആസിയാന്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചതിനെതിരെ 2009ല്‍ റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം മനുഷ്യച്ചങ്ങല തീര്‍ത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. 
ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികളായ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍മന്ത്രി പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, പ്രഭാത് പട്നായിക്, എം.വിജയകുമാര്‍, വി.സുരേന്ദ്രന്‍ പിള്ള, കടകംപള്ളി സുരേന്ദ്രന്‍, സി. ജയന്‍ബാബു എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. 
സമരത്തിന്റെ ഭാഗമായി സംഘം ചേര്‍ന്നത് ക്രിമിനല്‍ കുറ്റകൃത്യത്തിന് വേണ്ടിയല്ലാത്തതിനാല്‍ നിയമവിരുദ്ധമായ സംഘം ചേരലെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2009 ഒക്ടോബര്‍ രണ്ടിനാണ് സി.പി.എം കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചത്. രാജ്ഭവന് മുന്നില്‍ പൊതുയോഗവും സംഘടിപ്പിച്ചു. 
പൊതുവഴി തടസപ്പെടുത്തിയ സമരത്തിനെതിരെ നെയ്യാറ്റിന്‍കര സ്വദേശി പി.നാഗരാജ് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. നിയമവിരുദ്ധ സംഘം ചേരല്‍, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.