മലയാലപ്പുഴ മന്ത്രവാദം: കസ്റ്റഡിയിലായ ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

മലയാലപ്പുഴ മന്ത്രവാദം: കസ്റ്റഡിയിലായ ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പത്തനംതിട്ട: മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 420, 508 വകുപ്പുകൾ പ്രകാരമാണ് കേസ്.

മന്ത്രവാദത്തിനിരയാക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി മാനസിക ബുദ്ധിമുട്ടിനു ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറയുന്നു. മന്ത്രവാദ ചികിത്സയ്ക്കായി 20,000 രൂപയാണ് ഇവർ ഈടാക്കിയതെന്നും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചാൽ മറ്റ് വകുപ്പുകൾ കൂടി ചുമത്തും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെ വാസന്തി മഠത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം ശക്തമായതോടെ മലയാലപ്പുഴ സി ഐയുടെ നേതൃത്വത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.