തിരുവനന്തപുരം: കോവിഡ് കൊള്ളയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് എന്നിവര്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം.
കോവിഡിന്റെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മഹിളാ അപ്പാരല്‍സില്‍ നിന്ന് പി.പി.ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തത് തെളിവ് ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്റെ പി.പി.ഇ കിറ്റിന് എക്‌സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു.
1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പി.പി.ഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി.
സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത ടെക്‌നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിട്ട് കൂടി മഹിളാ അപ്പാരല്‍സിന്റെ കാര്യത്തില്‍ വന്നു. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്.
2020 മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള പത്ത് ദിവസത്തെ പര്‍ചേസുകള്‍ക്കുള്ള അംഗീകാരം വാങ്ങിയ ഫയലില്‍ മഹിളാ അപ്പാരല്‍സുമുണ്ട്. അതായത് കിറ്റ് വാങ്ങാതെ കിറ്റ് വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപയ്ക്കുള്ള അംഗീകരാം വാങ്ങിയെടുത്തു. ഈ ഫയലില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ ധനകാര്യ മന്ത്രിമാരും ഒപ്പിട്ടിട്ടും ഉണ്ട്.
പി.പി.ഇ കിറ്റ് വാങ്ങാതെ വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപ എഴുതിയെടുക്കുകയായിരുന്നു. ഈ പണം എവിടെക്കാണ് പോയത്. എന്നിട്ടും നിയമസഭയില്‍ എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി തെറ്റായി മറുപടി നല്‍കിയത്. മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ന്യായീകരണവും പൊളിഞ്ഞിരുന്നു. വിപണിയില്‍ വില കുറഞ്ഞപ്പോള്‍ ഓര്‍ഡര്‍ വെട്ടിക്കുറച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ കിറ്റിന് വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് പതിനയ്യായിരം ആയി കുറച്ചെന്ന വാദവുമാണ് പൊളിഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡിന്റെ മറവില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും വസ്തുതയും രണ്ടാണെന്നാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. 550 രൂപയ്ക്ക് കേരളത്തിലെ കെയ്‌റോണ്‍ എന്ന കമ്പനിയില്‍ നിന്ന് പി.പി.ഇ കിറ്റ് വാങ്ങാന്‍ പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത അതേ ദിവസമായിരുന്നു മൂന്നിരട്ടി വിലയ്ക്കുള്ള പി.പി.ഇ കിറ്റ് വാങ്ങാനും തീരുമാനമാകുന്നത്.
അങ്കമാലിയില്‍ നിന്നുള്ള മഹിളാ അപ്പാരല്‍സും 450 രൂപയ്ക്ക് പി.പി.ഇ കിറ്റ് നല്‍കാന്‍ തയ്യാറായ സമയമായിരുന്നു 2020 മാര്‍ച്ച് 30. എന്നാല്‍ ഈ ദിവസം സാന്‍ഫാര്‍മയ്ക്ക് നല്‍കിയ ഓര്‍ഡര്‍, കുറഞ്ഞ വിലയ്ക്ക് പി.പി.ഇ കിറ്റ് ലഭിക്കും എന്ന സാഹചര്യം വന്നതോടെ പിന്നീട് റദ്ദ് ചെയ്‌തെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
2020 മാര്‍ച്ച് 30 ന് സാന്‍ഫാര്‍മയ്ക്ക് 1550 രൂപയുടെ 50000 പി.പി.ഇ കിറ്റിനുള്ള ഓര്‍ഡര്‍ കൊടുക്കുന്നു. തൊട്ടടുത്ത ദിവസം അതായത് 2020 മാര്‍ച്ച് 31 ന് തന്നെ 50000 എന്നത് 15000 ആക്കി കുറച്ച് അഞ്ച് കോടി രൂപ അധികം വാങ്ങിയെടുത്തു. അതായത് മുഖ്യമന്ത്രി പറഞ്ഞപോലെ തദ്ദേശീയമായി വില കുറച്ചുള്ള കിറ്റ് കിട്ടിത്തുടങ്ങിയപ്പോഴല്ല ഓര്‍ഡര്‍ റദ്ദാക്കിയത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.