യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലേക്ക് എത്തിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും മടങ്ങിയെത്തിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ വിദേശ യാത്ര വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കൂടാതെ ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയത് വിവാദമായിരുന്നു.

വിദേശ പര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ പോയത് എന്തിനാണെന്ന ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ തളളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നായിരുന്നു വി മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.