പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ: ലോകായുക്ത നോട്ടീസിന് കെ.കെ ഷൈലജയുടെ പ്രതികരണം

പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ: ലോകായുക്ത നോട്ടീസിന് കെ.കെ ഷൈലജയുടെ പ്രതികരണം

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍മന്ത്രി കെ.കെ ഷൈലജ. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോട്ടിസിനോട് പ്രതികരിക്കുകയാരുന്നു അവര്‍. മരുന്നു പോലുമില്ലാത്ത ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും ഷൈലജ പറഞ്ഞു.

കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ഷൈലജ പറഞ്ഞു.

കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കെ.കെ ഷൈലജയുടെ വിശദീകരണം. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നാണ് ആരോപണം.

ഇന്നലെയാണ് കെ.കെ ഷൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കിയത്. ഷൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് നിര്‍ദേശം. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

കെ കെ ഷൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് പരാതി.

ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോകായുക്ത കേസ് ഫയലില്‍ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.