ഉക്രെയ്നിൽ ആണവ ഭീതി: പരിഭ്രാന്തി തടയാൻ പാശ്ചാത്യ രാജ്യങ്ങൾ 'മുൻകരുതൽ നടപടികൾ ആസൂത്രണം' ചെയ്യുന്നു

ഉക്രെയ്നിൽ ആണവ ഭീതി: പരിഭ്രാന്തി തടയാൻ പാശ്ചാത്യ രാജ്യങ്ങൾ 'മുൻകരുതൽ നടപടികൾ ആസൂത്രണം' ചെയ്യുന്നു

ലണ്ടൻ: കിഴക്കൻ യൂറോപ്പിൽ തുടരുന്ന ക്രൂരമായ യുദ്ധത്തിനിടയിൽ റഷ്യ ഉക്രെയ്നിലോ സമീപ പ്രദേശങ്ങളിലോ അണുബോംബ് പ്രയോഗിച്ചാൽ ഈ ആ സാഹചര്യത്തെ നേരിടാൻ പാശ്ചാത്യ രാജ്യങ്ങൾ പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. ആണവായുധം പ്രയോഗിക്കപ്പെട്ടാൽ സ്വന്തം രാജ്യങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രക്ഷുബ്ധതയും ഭീകരതയും ഒഴിവാക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ "മുൻകരുതൽ നടപടികൾ ആസൂത്രണം" ചെയ്യുന്നതായി ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഒരു ആണവയുദ്ധത്തിനുള്ള സാധ്യത ഇല്ലെങ്കിലും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനങ്ങൾ പരിഭ്രാന്തരാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് അധികൃതർ സ്വന്തം പൗരന്മാർക്ക് അടിയന്തര സഹായവും ഉറപ്പും നൽകാനുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നത്.

റഷ്യ അണുബോംബ് പ്രയോഗിച്ചാൽ പരിഭ്രാന്തരാകുന്ന ആളുകൾ സഹായിക്കാൻ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വിവേകപൂർണ്ണമായ ആസൂത്രണങ്ങൾക്ക് സർക്കാരുകൾ രൂപം നല്കുന്നെണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പോരാട്ടത്തിൽ റഷ്യ ആണവായുധം പ്രയോഗിച്ചാൽ അത് അപലപനീയമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സെപ്തംബർ മുതൽ ഉക്രെയ്നിലെ യുദ്ധക്കളത്തിൽ റഷ്യയ്ക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ റഷ്യൻ പ്രദേശത്തെ സംരക്ഷിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ മാസം പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണവ ഭീഷണി ഉയർത്തിയിരുന്നു.

എന്നാൽ റഷ്യൻ പ്രസിഡന്റിന്റെ ഇത്തരം അഭിപ്രായങ്ങൾ നിരുത്തരവാദപരമാണെന്നും മറ്റൊരു രാജ്യവും ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആണവായുധങ്ങളുടെ ഏതൊരു ഉപയോഗവും 1945 മുതൽ നിലനിൽക്കുന്ന വിലക്കിന്റെ ലംഘനമാകും ഇത് റഷ്യയ്ക്കും മറ്റെല്ലാവർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രസ്താവനകൾ തെറ്റുധാരണ പരത്തുന്നത്

പാശ്ചാത്യ രാജ്യങ്ങളുടെ മുൻകരുതൽ നടപടികളുടെ ആസൂത്രണം എന്ന ഈ ആശയം ബ്രിട്ടീഷ് സർക്കാരിന്റെ ശീതയുദ്ധകാലത്തെ സംരക്ഷണവും അതിജീവനവും എന്ന ക്യാമ്പയിനിലക്ക് നമ്മെ തിരികെയെത്തിക്കുന്നുവെന്ന് ആണവ നിരായുധീകരണത്തിനായുള്ള കാമ്പയിൻ (സിഎൻഡി) ജനറൽ സെക്രട്ടറി കേറ്റ് ഹഡ്സൺ പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ ഒരു ആണവ യുദ്ധത്തെ ജനലുകൾ വെള്ളപൂശുന്നതിലൂടെയും മറ്റ് അപ്രസക്തതമായ നടപടികളിലൂടെയും അതിജീവിക്കാൻ കഴിയുമെന്ന തെറ്റായ ധാരണ നൽകുന്നതായും സിഎൻഡി അപലപിച്ചു.

ഒരു ആണവയുദ്ധത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുള്ള പൊതു വിവര പ്രചാരണങ്ങളും സ്കൂൾ ഡ്രില്ലുകളും പോലും ശീതയുദ്ധത്തിന്റെ ഒരു സവിശേഷതയായിരുന്നു. 1950-കളിൽ അമേരിക്കയിൽ നടന്ന ടെക്ക് ആൻഡ് കവർ കാമ്പെയ്‌ൻ, 1970-കളുടെ അവസാനത്തിൽ യുകെയിൽ നടന്ന സംരക്ഷിക്കുക, അതിജീവിക്കുക ക്യാമ്പയിൻ, 1960-കളുടെ തുടക്കത്തിൽ പശ്ചിമ ജർമ്മനിയിൽ നടത്തിയ എല്ലാവർക്കും അവസരം ഉണ്ട് എന്ന ക്യാമ്പയിൻ തുടങ്ങിയവയെല്ലാം ഒരു ആണവയുദ്ധമുണ്ടായാൽ തത്സമയം എങ്ങനെ പ്രവർത്തിക്കണം എന്ന് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടവയാണ്.

ഈ ക്യാമ്പയിനുകൾ വഴി ആണവ യുദ്ധത്തെ സമ്പൂർണ്ണമായി അതിജീവിക്കാൻ കഴിയുമെന്ന അവകാശവാദങ്ങൾ ഗണ്യമായ വിമർശനത്തിനും പരിഹാസത്തിനും വിഷയമായിരുന്നുവെങ്കിലും ഒരു പരിധിവരെ ജനങ്ങളുടെ സംഘർഷത്തെ ലഘൂകരിക്കാൻ ഈ ക്യാമ്പയിനുകളിലൂടെ സാധിച്ചിരുന്നു.

റഷ്യയ്ക്ക് മുന്നറിയിപ്പ്

ആറോ ഏഴോ ഹിരോഷിമ ബോംബുകളുടെ സ്ഫോടനാത്മക ശക്തിയുള്ള ഒരു തന്ത്രപരമായ ആണവായുധം ഉപയോഗിക്കാൻ റഷ്യ ശ്രമിച്ചാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി.

ഉക്രെയ്നിലോ പരിസരത്തോ തന്ത്രപരമായ ആണവായുധം പ്രയോഗിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ ഒരു സൂചനയും കണ്ടിട്ടില്ലെന്ന് ഈ ആഴ്ച ആദ്യം ജിസിഎച്ച്ക്യു ചാര ഏജൻസിയുടെ തലവൻ ജെറമി ഫ്ലെമിംഗ് പറഞ്ഞിരുന്നു. എങ്കിലും ഇത്തരത്തിൽ എന്തെങ്കിലും നീക്കങ്ങൾക്ക് ശ്രമിക്കുന്നത് റഷ്യക്ക് ദോഷമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്നതും കൂടാതെ സൈന്യം ആണവ ആയുധത്തെ ഏതെങ്കിലും മിസൈലുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതും ഫ്ലെമിംഗിന്റെ ജിസിഎച്ച്ക്യു ഏജൻസിയുടെ ജോലിയാണ്.

മധ്യസ്ഥതയ്ക്കു സമ്മതം

യുക്രെയ്ൻ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കി. യുക്രെയ്ൻ സമ്മതിച്ചാൽ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയ്ക്കു സമ്മതമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകളെ ഇന്ത്യയും ചൈനയും പിന്തുണച്ചെങ്കിലും യുക്രെയ്ൻ ഇതുവരെ ഇതിന് സന്നദ്ധമായിട്ടില്ലെന്നും പുട്ടിൻ ആരോപിച്ചു.

8 മാസം നീണ്ട യുദ്ധത്തിനിടെ ആദ്യമായാണ് പുട്ടിൻ നിലപാട് മയപ്പെടുത്തുന്നത്. കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ഇന്ത്യയുൾപ്പെടെ 27 ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സിഐസിഎ ഉച്ചകോടിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോ, റഷ്യയുമായി ഏറ്റുമുട്ടിയാൽ അത് ആഗോള ദുരന്തത്തിനു വഴിയൊരുക്കുമെന്നു പുട്ടിൻ മുന്നറിയിപ്പു നൽകി. റഷ്യയുടെ യുക്രെയ്ൻ നടപടിയിൽ ഖേദിക്കേണ്ട ആവശ്യമില്ലെന്നും യുക്രെയ്നെ ഉന്മൂലനം ചെയ്യുകയെന്നത് റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.