ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ;
തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും ഉടൻ തീരുമാനം എന്നത് നടപ്പില്ല. എന്നാൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയാണ്. രാഹുൽ ഗാന്ധിക്ക് പകരം മറ്റൊരു ദേശീയ നേതാവായിരിക്കും ഇതിന്റെ സംഘാടകൻ . അല്ലാതെ രാഷ്ട്രീയത്തിൽ ഒരു ക്രീയാത്മക സാന്നിധ്യമായി മാറാൻ കോൺഗ്രസിന് സാധിക്കുകയില്ല.
ഈ മാറ്റം ഇനിയും വൈകിക്കൂടായെന്ന ബോധ്യത്തിന്റെ പ്രതിനിധിയായാണ് ഡോ. ശശി തരൂർ. തരൂർ മാറ്റത്തിന്റെ പ്രതിനിധിയാണ്. നെഹ്രുവിനെ മാതൃകയാക്കുന്ന നേതാവ്. എന്നാൽ അത് നെഹ്രുകുടുംബത്തോടുള്ള ആഭിമുഖ്യമല്ലതാനും .
നെഹ്‌റു കുടുംബത്തിന്റെ അനൗദ്യോഗിക പ്രതിനിധിയായി മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ പാരമ്പര്യവാദികളുടെ പ്രതിനിധിയായും എത്തുന്നു. വർഷങ്ങൾക്ക് പിറകിലേക്ക് പോയാൽ ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കെട്ടും കിടക്കയുമെടുത്ത് ആന്ധ്രയിലേക്ക് മടങ്ങിയ നരസിംഹറാവുവിനെ കോൺഗ്രസ് അധ്യക്ഷനായി തിരികെ കൊണ്ടുവന്ന് പ്രധാനമന്ത്രിയാക്കിയ കെ കരുണാകരന്റെ കാലമല്ല ഇത്. കോൺഗ്രസ് ശക്തമായിരുന്ന അവസ്ഥയിൽ എതിരാളികൾ ഒരുമിച്ചു നിൽക്കാൻപോലും തയ്യാറാവാതിരുന്ന രാ്ഷ്ട്രീയ കാലാവസ്ഥയിൽ നിന്നും കോൺഗ്രസ് എത്രയോ പിന്നോക്കം പോയിരിക്കുന്നു എന്ന് നിലവിൽ എ കെ ആന്റണിയെപോലുള്ള പാരമ്പര്യവാദികൾ അറിയുന്നില്ല.
പുതിയ യുഗത്തിൽ ഇത്തരം നേതാക്കൾക്ക് എന്ത് പ്രസക്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ശശി തരൂർ. തരൂരിനെ ഭയപ്പെടുന്നത് ഗാന്ധി കുടുംബം കൂടിയാണ്. കാരണം തരൂർ തലപ്പത്തുവന്നാൽ ഹൈക്കമാന്റ് കളി അവസാനിക്കും. കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുന്ന പാർശ്വവർത്തികളും ഇല്ലാതാവും. കോൺഗ്രസ് പാർട്ടി പൂർണമായും നവീകരിക്കപ്പെടും, യുവാക്കളും പ്രഫഷണലുകളും ഒപ്പം നിൽക്കും. മോദിയുടെ കാപട്യങ്ങൾ അക്കമിട്ട് നിരത്തി ബി ജെ പിയെ പ്രതിരോധിക്കും.
ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ കേരളത്തിലെ കോൺഗ്രസിനു വംശനാശം വരുത്തിയ കേരളത്തിലെ കോൺഗ്രസുകാർക്കറിയാം തരൂർ അധ്യക്ഷനായാൽ അവരിൽ ഗ്രൂപ്പ് നേതാക്കന്മാരിൽ പലരുടെയും തലയുരുളുമെന്ന്. അതുകൊണ്ടു തന്നെ പൂച്ച പാൽ കുടിക്കുന്നതുപോലെ പമ്മിയിരുന്നു ഗ്രൂപ്പ് കളിക്കുന്ന എ.കെ. ആന്റണി വരെയുള്ള കോൺഗ്രസ് നേതാക്കന്മാർ ആന്റണിയെക്കാൾ മുൻപ് ഡെൽഹി രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് പറഞ്ഞു സ്വന്തം നാട്ടിലെ ഗോത്രത്തറവാടിലെക്ക് താമസം മാറ്റിയ മല്ലികാർജ്ജുന ഖാർഖേയെ വിളിച്ചുണർത്തി കോൺഗ്രസ് അധ്യക്ഷനാക്കാൻ കൊണ്ടു വന്നിട്ടുള്ളത്. അതിനു പിന്നിലെ രാഷ്ട്രീയ തന്ത്രജ്ഞനാകട്ടെ സാക്ഷാൽ എ.കെ.ആന്റണിയും. പണ്ട് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സാക്ഷാൽ ലീഡർ കെ. കരുണാകരനെ പുകച്ചു ചാടിച്ചു ഡൽഹിലെത്തിച്ചപ്പോൾ ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന പേരിൽ കൈ നനയാതെ മീൻ പിടിക്കാനെത്തി മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതുപോലൊരു സൂപ്പർ ഗോൾ ആണ് ഇപ്പോൾ അടിച്ചിരിക്കുന്നത്.
എന്നാൽ ഗാന്ധി കുടുംബത്തോടുള്ള എ. കെ.ആന്റണിയുടെ അതിവിധേയത്വമൊന്നും ആന്റണിയുടെ സ്വന്തം പുത്രനായ അനിൽ അന്റണിക്കുപോലുമില്ല. കോൺഗ്രസ് രക്ഷപെടണമെങ്കിൽ വാർദ്ധക്യത്തിലേക്ക് കടന്ന തന്റെ പിതാവടക്കമുള്ള മുതിർന്ന നേതാക്കന്മാർക്ക് റിട്ടയർമെന്റ് നൽകണമെന്ന് തരൂരിനൊപ്പം എ.ഐ.സി.സിയുടെ . ഐ ടി സെല്ലിൽ പ്രവർത്തിച്ചു പരിചയമുള്ള അരുൺ ആന്റണിക്ക് നന്നായി അറിയാം. അതുകൊണ്ടണല്ലോ അനിൽ ആന്റണി ഡോ. ശശി തരൂരിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത്.
ആദ്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖേലോട്ട്, പിന്നെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്. അവരെല്ലാം തനിനിറം കാട്ടിയപ്പോൾ സോണിയാഗാന്ധി പതിവുപോലെ പ്രതിസന്ധികളിൽ തന്നെ രക്ഷിക്കാറുള്ള ആന്റണിയെ രാജാവാക്കാമെന്ന് കരുതി ഡൽഹിക്കു വിളിപ്പിച്ചു. കോൺഗ്രസിനെ രക്ഷിക്കാൻ തനിക്ക് കഴിയില്ലെന്നു മനസിലാക്കിയ ആന്റണി തികഞ്ഞ സോണിയ ഭക്തനും ജൻപഥ് 10 ലെ അടുക്കള നിരങ്ങിയുമായിരുന്ന കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ തനിക്ക് സമനായിരുന്ന മല്ലികാർജ്ജുന ഖാർഖേയെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ചു. ഖാർഖേ സ്ഥാനാർത്ഥിയായാൽ രണ്ടുണ്ട് ഗുണം. ഒന്ന് കോൺഗ്രസിന്റെ ഭരണചക്രം അപ്പോഴും തിരയുക ജൻപഥ് 10ൽ നിന്നു തന്നെ. "പഴയ വീഞ്ഞു പുതിയ കുപ്പിയിൽ." രണ്ട്, ദക്ഷിണേന്ത്യക്കാരനായ തരൂരിന്റെ മുന്നേറ്റം മറ്റൊരു ദക്ഷിണേന്ത്യക്കാരനിലൂടെ തടയിടാം. ദക്ഷിണേന്ത്യയിലെ വോട്ടുകൾ ഭിന്നിപ്പിച്ചാൽ തരൂർ മുന്നേറ്റം തടയാം. ഇവിടെയും, ആന്റണിയുടെ തന്ത്രം പഴയതു തന്നെ. "വെടക്കാക്കി വെടിപ്പാക്കാം."
കോൺഗ്രസിൽ ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ എന്താണെന്ന് സാധാരണ കോൺഗ്രസുകാർക്കുപോലും അറിയില്ല. കാരണം, സോണിയ ഗാന്ധിയുടെ വസതിയിൽ നിന്നുള്ള വിളംബരമാണ് ഹൈക്കമാൻഡിന്റെ ഉത്തരവ്. ഇന്ന് കോൺഗ്രസിൽ ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ തീരുമാനിക്കണമെങ്കിൽ പോലും സുധാകരന് ഹൈക്കമാണ്ടിന്റെ അനുമതി വേണം. അങ്ങനെയെങ്കിൽ ആരാണ് ഈ ഹൈക്കമാൻഡ്? സോണിയ- രാഹുൽ- പ്രിയങ്ക ഗാന്ധിമാരാണോ? ആണെങ്കിൽ അവർക്കെങ്ങനെ കേരളത്തിലെ ഒരു ജില്ലാ- ബ്ലോക്ക് തല നേതാക്കന്മാരെക്കുറിച്ചറിയാം? അല്ലെങ്കിൽ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിജയ സാധ്യതയുള്ള നേതാക്കൻമാരെക്കുറിച്ചറിയാം? അതാത് സംസ്ഥാനങ്ങളിലെ നേതാക്കന്മാർ നൽകുന്ന ലിസ്റ്റ് അംഗീകരിക്കുകയാണെങ്കിൽ കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിലും ഡി.സി.സി ഭാരവാഹികളുടെ നിയമനത്തിലും കെ.പി.സി.സി. അധ്യക്ഷന്റെ ലിസ്റ്റിലില്ലാത്ത ചില നേതാക്കൻമാരെ എങ്ങനെ കെട്ടിയിറക്കി കൊണ്ടുവന്നു?
പ്രദേശ് കോൺഗ്രസ് കമ്മിറ്റികളെ നിയമിക്കുക, ആരൊക്കെ കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടരണം, ആരൊക്കെ പുറത്തുപോവണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു ഹൈപ്പവർ കമ്മിറ്റിയാണ് ഗാന്ധി കുടുംബം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഇതാണ് നിലവിലെ ഹൈക്കമാന്റ്. അവർക്ക് 'കുരുട്ടു' ബുദ്ധി ഉപദേശിക്കാൻ കെ.സി.വേണുഗോപാൽ, എ.കെ. ആന്റണി തുടങ്ങിയ നേതാക്കന്മാരും. കോൺഗ്രസിനെ നവീകരിക്കാൻ സോണിയ - രാഹുൽ സംഘത്തിന് യാതൊരു പദ്ധതികളുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ കൊണ്ടുവന്നത്.
അതിനർത്ഥം ഡൽഹി കേന്ദ്രീകരിച്ച് ഗാന്ധി ത്രിമൂർത്തികളുടെ ബലഹീനതകളെ ചൂഷണം ചെയ്തു സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഉപജാപക സംഘമാണ് യഥാർത്ഥത്തിൽ ഈ ഹൈക്കമാൻഡ് എന്നുപറയുന്നത്. ഇത് കേരളത്തിലെ മാത്രം പ്രശനമല്ല. കോൺഗ്രസിന്റെ ഹൃദയഭൂമികയായ ഉത്തരേന്ത്യയിൽ പോലും ചരടുവലികൾ നടത്തുന്നത് ഈ ഉപജാപക സംഘമാണ്. അവരിൽ പ്രധാനി കെ.സി. വേണുഗോപാൽ എന്ന കേരളത്തിൽ നിന്നുള്ള നേതാവാണ്. സംഘടനാ ചുമതലയുള്ള എ.എ.സി.സി. ജനറൽ സെക്രെട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാലൽ എടുത്ത തീരുമാനങ്ങളാണ് രാഹുൽ ഗാന്ധിക്ക് ഏറ്റവും വിനയായിരിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. കേരളത്തിൽ നിയമ സഭ തെരെഞ്ഞെടുപ്പിൽ കുളം കലക്കിയതും കോൺഗ്രസിന്റെ ഇറ്റില്ലമായിരുന്ന പഞ്ചാബ് എന്നേക്കുമായി നഷ്ട്ടമായതുമൊക്കെ വേണുവിന്റെ തലയിണ മന്ത്രം പാളിയതുകൊണ്ടാണ്. വേണു അധികാര കസേരയിൽ വന്ന കാലം തൊട്ട് ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസ് അടിഞ്ഞ് ഇല്ലാതാക്കുകയാണ്.
ഇതു തിരിച്ചറിഞ്ഞ ഡോ. ശശി തരൂർ, താൻ വിജയിച്ചാൽ അധികാര വികേന്ദ്രീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്ലോക്ക് പ്രസിഡണ്ടുമാരെ ബ്ലോക്ക് നേതാക്കൻമാർ ചേർന്ന് തീരുമാനിക്കട്ടെ. ജില്ലാ ഭാവാഹികളെ ജില്ലാ നേതാക്കന്മാർ ചേർന്നു തീരുമാനിക്കട്ടെ എന്ന നിലപാടാണ് തരൂർ സ്വീകരിച്ചിരിക്കുന്നത്. തർക്കമുള്ളപ്പോൾ പ്രോട്ടോക്കോൾ പ്രകാരം അതാതു ഉന്നത അധികാര കേന്ദ്രങ്ങളിലൂടെ ചർച്ചകൾ നടത്തി പരിഹാരം കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ തീരുമാനങ്ങളും ഹൈക്കമാണ്ടിൽ നിന്നും വരേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെവരുമ്പോഴാണ് ഡൽഹിയിലെ ഭരണ ചക്രം തിരിക്കുന്ന പലരുടെയും കണ്ണിലെ കരടായി തരൂർ മാറുന്നത്. കോൺഗ്രസിനെ ഒരു ബോൺസായ് വൃക്ഷമാക്കി വളർത്താൻ ശ്രമിക്കുന്ന ഇത്തരം നേതാക്കളുടെ പണി പാപ്പനംകോട്ടായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
അതുകൊണ്ടു തന്നെ ദേശീയ തലത്തിൽ തരൂർ മുന്നേറ്റം ഏറ്റവും ഭയപ്പെടുന്നത് കെ.സി. വേണുഗോപാൽ ആണ്. ജൻപഥ് ലെ 10 വെറും അടുക്കള നിരങ്ങി മാത്രമല്ല, ഗാന്ധി കുടുബത്തിൽ ആരൊക്കെ എന്തൊക്കെ ചെയ്യണം, പറയണം എന്നൊക്കെ നിയന്ത്രിക്കാൻ മാത്രം കെൽപ്പുള്ള നേതാവായി വേണുഗോപൽ ഇതിനകം വളർന്നു കഴിഞ്ഞു. കോൺഗ്രസ് ഭരിച്ചിരുന്ന കേരളത്തിലേതടക്കം ഒട്ടു മിക്ക സംസ്ഥാനങ്ങളിലെയും ഭരണം ബി.ജെ.പിക്കും മറ്റു പ്രാദേശിക- ദേശീയ പാർട്ടികൾക്കും തീറെഴുതിക്കൊടുത്തത് വേണുഗോപാലിന്റെ വാക്കുകൾ കേട്ട് ഗാന്ധി കുടുംബത്തിനു പറ്റിയ അബദ്ധമായിരുന്നുവെന്നു ഗാന്ധി കുടുംബമൊഴികെ അതാത് സംസ്ഥാനങ്ങളിലെ നേതാക്കന്മാർക്കറിയാം. രാഹുൽ ഗാന്ധിയെ വഴി തെറ്റിക്കുന്നത് കെ.സി. വേണുഗോപാൽ ആണെന്ന് കേരളത്തിലെ മാത്രമല്ല, ഇന്ത്യ മുഴുവനുമുള്ള കോൺഗ്രസ് നേതാക്കന്മാർക്കറിയാം. അതുകൊണ്ട് തരൂർ വന്നാൽ ആദ്യം പണിപോകുന്നത് വേണുഗോപാലിന്റേതായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡൽഹി രാഷ്ട്രീയം ഇല്ലാതായാൽ വേണുവിന്റെ കാര്യം പരിതാപകരമാകും. കേരളത്തിൽ തിരിച്ചെത്തിയാൽ ഒരു ഗ്രൂപ്പുകാരും വേണുവിനെ ഏഴയലത്ത് അടുപ്പിക്കില്ല.
തരൂരിന്റെ മുന്നേറ്റം ഏതു വിധേനയും തടയുക എന്നതാണ് വേണുഗോപലിന്റെ ശ്രമം. ഇപ്പോൾ കോൺഗ്രസ് രാഷ്‌ടീയത്തിൽ അതിശക്തമായ വേണുഗോപാൽ അതിനായി ഏതറ്റം വരെയും പോകാനും തയ്യാറാകുന്നുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരികളുടെ സകല തെരഞ്ഞടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ രഹസ്യമായി ഓരോരുത്തരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും തരൂർ ക്യാമ്പിന് അറിവ് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയാണെന്ന് പറഞ്ഞാലും നിങ്ങൾ ആർക്കാണ് വോട്ടു ചെയ്യുന്നതെന്ന് കണ്ടുപിടിക്കാൻ പറ്റുമെന്നും അതുകൊണ്ട് ഹൈക്കമാൻഡ് നോമിനിയായ ഖാർഖയെക്ക് വോട്ടു ചെയ്യണമെന്നുമാണ് വേണുഗോപാൽ തനിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാകണം തരൂർ തമിഴ് നാട് പി.സി.സി. ഓഫീസ് സന്ദർശിച്ചപ്പോൾ 114 വോട്ടർമാരിൽ വെറും 16 പേർ മാത്രമാണ് അദ്ദേഹത്തിനു കാണാൻ കഴിഞ്ഞത്. തരൂരിനൊപ്പം എങ്ങാനും കണ്ടാൽ തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ട്ടപെടുമോയെന്നു ഭയന്ന് പലരും തരൂരിനെ മുഖം കാണിക്കാതിരിക്കുകയാണ്. എന്നാൽ ഇവരുടെ വോട്ടുകൾ തരൂരിനനുകൂലമായാൽ കെ.സി.വേണുഗോപാലിന്റെ പണി പാളും.
ഹൈക്കമാണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ഖാർഖെയാണെന്നു പറഞ്ഞാണ് രമേശ് ചെന്നിത്തലയും മറ്റു സംസ്ഥാനങ്ങളിൽ തരൂരിനെതിരെ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും സ്വന്തം സംസ്ഥാനത്തെ വോട്ടർമാരെ പോലും സ്വാധീനിക്കാൻ കഴിയാത്ത ചെന്നിത്തല എങ്ങനെയാണ് അന്യ സംസ്ഥാനങ്ങളിൽ പോയി കോൺഗ്രസ് നേതാക്കളെ സ്വാധീനിക്കുന്നത്? കെ.സി. വേണുഗോപലിനെ കണ്ണെടുത്താൽ കാണാൻ ഇഷ്ടമില്ലാത്ത നേതാക്കന്മാരാണ് ഉത്തരേന്ത്യയിൽ അധികവുമുള്ളത്. ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന നേതാക്കന്മാരെ ഒന്നുകിൽ പുകച്ചു ചാടിച്ചു അല്ലെങ്കിൽ അവരെ ഒതുക്കി നിർത്തി. യഥാർത്ഥത്തിൽ ജി-24 എന്ന വിമത ഗ്രൂപ്പ് തന്നെ ഉരുത്തിരിയാൻ കാരണം ഗാന്ധി കുടുംബത്തെ തെറ്റായ നയങ്ങളിലൂടെ കോൺഗ്രസിന്റെ തകർച്ചയിൽ പ്രതിഷേധിച്ചാണല്ലോ. ഇത്തരം വഴിവിട്ട വകതിരിവില്ലാത്ത ബുദ്ധി വഴിതിരിച്ചുവിടുന്നതിൽ കെ.സി. വേണുഗോപലിന്റെ കറുത്ത കൈകൾ ഉണ്ട് എന്ന വിശ്വാസമാണ് എല്ലാവരിലുമുള്ളത്ത്. അല്ലെങ്കിൽ ഇന്ദിരാഗാന്ധിയുടെ കാലം മുതൽ നെഹ്രുകുടുംബവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഗുലാം നബി ആസാദ് പാർട്ടി വിട്ട് വേറെ പാർട്ടി രൂപീകരിക്കുമായിരുന്നോ? കോൺഗ്രസിന്റെ എക്കാലത്തെയും ശക്തനായ വക്താവായിരുന്ന കപിൽ സിബൽ പാർട്ടി വിടുമാറ്റിയിരുന്നോ? ഏതായാലും വേണുഗോപാലിനോടുള്ള എതിർപ്പും അതൃപ്തിയും തരൂരിന് അനുകൂലമായി വരാനും ഏറെ സാധ്യതയാണുള്ളത്. ജി-24 നേതാക്കന്മാർ സ്ഥാനാർത്ഥികളെ നിർത്താതെ ഗാർഖെയെ പിന്തുണച്ചുവെന്നത് കള്ളപ്രചാരണമാണ്. വോട്ടെണ്ണുമ്പോൾ ചില സർപ്രൈസുകൾ ഒക്കെയുണ്ടാകുമെന്ന് അതാണ് തരൂർ പറയുന്നതിന്റെ പൊരുൾ ഇതാണ്.
കേരളത്തിലെ നേതാക്കന്മാർ തരൂരിനെ പിന്തുണയ്ക്കാതെ അയൽ സംസ്ഥാനത്തുനിന്നുള്ള ഗാർഖെയുടെ പ്രചാരണവുമായി അന്യസംസ്ഥാനങ്ങളിൽ കറങ്ങി നടക്കുകയാണ്. ഇതിൽ പ്രമുഖൻ രമേശ് ചെന്നിത്തല. പൊതുവിൽ പാരമ്പര്യവാദികൾ മുന്നോട്ടു വെക്കുന്ന തരൂരിന്റെ ഒരു ന്യൂനത രാഷ്ട്രീയ പ്രവർത്തനങ്ങളിലെ പരിചയക്കുറവാണ്. അത് തന്നെയാണ് ചെന്നിത്തലയുടെ വാക്കുകളിലും ഉള്ളത്.
കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും വസ്തുതാപരമായി ഇതൊരു അസംബന്ധ വാദമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എറ്റവും സജീവമായ, ഏറ്റവും പ്രവർത്തനക്ഷമമായ രാഷ്ടീയ പ്രവർത്തനം കാഴ്ചവെച്ച ഒരു നേതാവിനെക്കുറിച്ചാണ് ഈ ആരോപണമുന്നയിക്കുന്നത് എന്നാലോചിക്കണം. തിരുവനന്തപുരം പോലുള്ള ഒരു ലോകസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണയായി വലിയ ജനപിന്തുണയോടെ പാർലമെന്റിലെത്തിയ നേതാവിനെപ്പറ്റിയാണ് പറയുന്നത് എന്നെങ്കിലും ഓർക്കണം. മറ്റേത് നേതാവിനാണ് ഇത്തരമൊരു രാഷ്ട്രീയ ബലം അവകാശപ്പെടാനാവുക ? ഇത് ജനമനസ്സിനൊപ്പം നീങ്ങാനുള്ള കഴിവായി വേണം കരുതാൻ. അഥവാ തരൂരിനെപ്പോലുള്ള നേതാക്കളെ ജനത ആഗ്രഹിച്ചു തുടങ്ങി എന്നു വേണം വായിച്ചെടുക്കാൻ. മാതൃഭാഷയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലഹീനത. തിരുവന്തപുരത്ത് സ്ഥാനാർത്ഥിയായി എത്തിയ കാലം മുതൽ അദ്ദേഹം മലയാളത്തിൽ മാത്രമെ സംസാരിക്കാറുള്ളു. കേൾക്കാൻ സുഖമുള്ള നല്ല ഒന്നാംതരം മലയാളം.
അതൊക്കെ പോട്ടെ, ഇനിയെങ്ങാനും തരൂർ ജയിച്ച് കോൺഗ്രസ് അധ്യക്ഷനായാൽ കേരളത്തിലെ നേതാക്കളുടെ സ്ഥിതിയെന്താകുമെന്ന് അവർ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ബുദ്ധിയും വി വിവേകവുമുള്ള യുവനേതാക്കന്മാരായ ഹൈബി ഈഡൻ, ശബരീനാഥ്, ബലറാം എന്നിവരെപ്പോലെയുള്ളവർ മാത്രമാണ് കേരളത്തിൽ നിന്ന് തരൂരിനെ പിന്തുണക്കുന്നവർ. സീനിയർ നേതാക്കന്മാരിൽ കോഴിക്കോട് എംപി എ. കെ. രാഘവൻ മാത്രമാണ് തരൂരിന് തുറന്ന പിന്തുണ നൽകിയിട്ടുള്ളത്. തരൂരുമായി അടുത്ത സൗഹൃദമുള്ള കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ പോലും ഖാർഖെയെ പിന്തുണയ്ക്കാൻ നിർബന്ധിതനായി. പിന്നീട് സുധാകരൻ ഉരുണ്ടുകളിച്ചതിനെ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് വേണമെങ്കിൽ വിളിക്കാം. തരൂർ ജയിച്ചാൽ ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിലെ പല സീനിയർ നേതാക്കന്മാർ 80 കഴിഞ്ഞവർക്ക് രാഷ്ട്രീയ വിരമിക്കൽ നൽകി റേഷൻ വീട്ടിലെത്തിച്ചു നൽകും. അല്ലാത്തവർക്ക് പണി കേരളത്തിന് പുറത്താകും. തന്നെ പിന്തുണയ്ക്കുന്ന യുവ നേതാക്കൻമാരെ ഉറപ്പായും നേതൃനിരയിൽ കൊണ്ടുവരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ പാപ്പരത്തിനു കടുത്ത വിലയും നൽകേണ്ടി വരും.
കേരളത്തിനു പുറത്തും സോഷ്യൽ മീഡിയകളിലും തരൂരിനു വേണ്ടിയുള്ള പ്രചാരണം മാത്രമെ കാണാറുള്ളു. തരൂർ ആവശ്യപ്പെടാതെ പോലും തരൂരിന്റെ വക്താക്കളായി ദിവസേനെ പലരും തരൂരിനെ പുകഴ്ത്തി എഴുതുന്നതു കാണുമ്പോൾ കോൺഗ്രസ് നേതാക്കന്മാർക്ക് മാത്രം ബുദ്ധിയില്ലേ എന്ന് തോന്നിപ്പോകുന്നതിൽ കുറ്റം പറയാൻ പറ്റുമോ? സോഷ്യൽ മീഡിയ വഴി ഖാർഖെയ്ക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും എഴുതുന്നതായി ഇന്നു വരെ കണ്ടിട്ടില്ല. ചെന്നിത്തലയും സതീശനും ഗാർഖയെ പിന്തുണച്ച് പറഞ്ഞ വാർത്തകൾക്കും ദൃശ്യങ്ങളുമടിയിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ അയ്യരുകളിയാണ് കാണുന്നത്.
എന്തായാലും ഒരു കാര്യം ഉറപ്പായി. ഇന്ത്യ മുഴുവനുമുള്ള സാധരണ പ്രവർത്തകർ ശശി തരൂരിനെ ഏറ്റടുത്തു കഴിഞ്ഞു. അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പിന്തുണയാണ് ഓരോ ദിവസം ചെല്ലും തോറും. തരൂരും ഖാർഖെയും തമ്മിൽ ഒരു വിധത്തിലുള്ള താരതമ്യപ്പെടുത്തലുകളും ശരിയാവുന്നില്ല . തരൂരിനെതിരെ എലീറ്റ് ക്ലാസിൽ (ധനിക കുടുംബം) ജനിച്ച വ്യക്തി എന്ന ആരോപണത്തിനെതിരെ അദ്ദേഹം നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബം വലുതാണ്; പക്ഷെ പ്രാരാബ്ധങ്ങൾ ഏറെ നിറഞ്ഞ കുടുംബത്തിൽ ജനിച്ച അച്ചന്റെ സ്വന്തം കഴിവുകൊണ്ട് പഠിച്ച് ഉയർന്ന് സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ലണ്ടനിലെ മാനേജർ ആയ കഥകൾ പറഞ്ഞപ്പോൾ ആ തന്ത്രം പാളി. 'പാവപ്പെട്ട' ദളിതനായ ഖാർഖേയുടെ സമ്പത്തിന്റെ കണക്കുകൾ പ്രധാനമന്ത്രി രാജ്യസഭയിൽ വെളിപ്പെടുത്തിയത് അനുയായികളെ തെല്ലെന്നുമല്ല അലോസരപ്പെടുത്തുന്നത്. ഖാർഖേയ്ക്ക് കർണാടകയിൽ മാത്രം 500 കോടിയിൽ പരം രൂപയുടെ സ്വത്തുവഹകൾ ഉണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ലോകം അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായ തരൂരിന് റോയലിറ്റി ആയി തന്നെ കോടികൾ വരുമാനമുള്ളതുകൊണ്ടാണ് അദ്ദേഹം ആർഭാടമായി ജീവിക്കുന്നത്. സുനന്ദ പുഷ്കർ വിവാദമില്ലാതെ തരൂരിന്റെ പേരിൽ യാതൊരു ദുഷ്‌പേരുമില്ല.
ഖാർഗെ എന്ന അതികായനായ നേതാവ് ഇന്നിപ്പോൾ രാജ്യസഭയിലെത്തേണ്ടി വന്നത് കർണ്ണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ 2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടിന് ബി.ജെ.പി എതിരാളിയോട് പരാജയപ്പെട്ടതുകൊണ്ടാണ്. മത്സരസമയത്ത് അതദ്ദേഹത്തിന്റെ നിലവിലെ മണ്ഡലവുമായിരുന്നു. കർണ്ണാടകത്തിലെ കോൺഗ്രസ് പ്രസിഡണ്ട് കൂടിയായിരുന്ന സമുന്നത നേതാവാണ് അദ്ദേഹം എന്നോർക്കണം. ജനങ്ങളോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടും ഒടുവിൽ ജനം തള്ളിക്കളഞ്ഞു എന്നതും യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യം കോൺഗ്രസ് പ്രവർത്തകർ കാണാതിരിക്കരുത്.
പാർലമെന്ററി പരിചയത്തിലും തരൂർ ഒരുപടി മുന്നിലാണ്. ഇതൊന്നുമല്ല പ്രധാനമെങ്കിലും തരൂരിനെ കുറച്ചു കാണുന്നവരുടെ മുന്നിലേക്ക് മറുവാദം എന്ന നിലയിൽ പറയാമെന്നു മാത്രം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ തരൂരിനുള്ള പ്രവർത്തന പരിചയം പോലും എതിർ സ്ഥാനാർത്ഥിക്ക് അവകാശപ്പെടാനില്ല. തരൂരിനെതിരേ മറ്റൊന്നും പറയുവാനില്ലാത്തതു കൊണ്ട് ഇങ്ങനെയൊരു ആരോപണം യാഥാസ്ഥിതിക നേതാക്കൾ പറഞ്ഞു പരത്തുന്നു എന്നു മാത്രം. സത്യത്തിൽ ഇങ്ങനെയൊരു വാദം മുതിർന്ന നേതാക്കളിൽ നിന്നും വരരുതായിരുന്നു.
പ്രായം കൊണ്ട് ഖാർഗെ വളരെ സീനിയറാണെന്നത് നേരാണ്. ഇപ്പോൾ 80 വയസ്സു കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ അതൊരു അയോഗ്യതയായി വേണം കരുതാൻ. രാഷ്ട്രീയം ഏതാണ്ട് മതിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങിയ എ കെ ആന്റണിയാണ് ഇപ്പോൾ മല്ലികാർജുന ഖാർഗയെ മുന്നിൽ അവതരിപ്പിച്ചത്. ഹൈക്കമാന്റിന് ഔദ്യഗിക സ്ഥാനാർത്ഥിയില്ല എന്നു പറയുകയും, എന്നാൽ പിസിസികളെ കൊണ്ട് തരൂരിനെ തടയുകയും ചെയ്യുന്ന കാഴ്ചയാണ് കോൺഗ്രസ് പ്രവർത്തകർ കാണുന്നത്.
52 കാരനായ രാഹുൽ ഗാന്ധി വിസമ്മതിച്ചതുകൊണ്ട് പാർട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന നേതാവാണ് ഈ എൺപതുകാരൻ. ഇന്ദിരാഗാന്ധി ആദ്യമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമ്പോൾ അവരുടെ പ്രായം വെറും 42 വയസ് ആയിരുന്നു. അതും 1959-ൽ! ഇന്നിപ്പോൾ 2022 ൽ ആ സ്ഥാനത്തേക്ക് കോൺഗ്രസ് ഒരെൺപതുകാരനെത്തേടിപ്പോയതെന്തിന് എന്ന് പുതിയ തലമുറ ചോദിക്കുക തന്നെ ചെയ്യും. അവിടെയും ശശി തരൂരിന്റെ പ്രസക്തി ഏറുകയാണ്. മറുഭാഗത്തുള്ള രാഷ്ട്രീയ എതിരാളികളാവട്ടെ 72 കാരനായ മോദിയും 57 കാരനായ അമിത് ഷായുമൊക്കെയാണ്. ഇവിടെയൊക്കെ ഉയരുന്ന ചോദ്യം കോൺഗ്രസ് പാർട്ടിയിലെ വോട്ടർമാർക്ക് ചിന്താശേഷിയുണ്ടോ എന്നതാണ്.
കേരളത്തിലെ നേതാക്കന്മാർ ഗാന്ധി കുടുബത്തോടു ആരാധന കാട്ടുമ്പോൾ തരൂർ ആകട്ടെ സോണിയ- രാഹുൽ- പ്രയങ്ക ഗാന്ധിമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകുക മാത്രം ചെയ്യുന്നു. നെഹ്രുവെന്ന ധീക്ഷണ ശാലിയുടെ വലിയ ആരാധകനായ തരൂർ ഭാരതത്തെക്കുറിച്ചുള്ള തന്റെ പുസ്തകങ്ങളിലും ലോകത്തെവിടെ പ്രസംഗിച്ചാലും നെഹ്‌റുവെന്ന ദീര്ഘവീക്ഷണമുള്ള ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നതു ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം ഒരു തികഞ്ഞ ഗാന്ധി ഭക്തൻ കൂടിയാണ്. മേൽപ്പറഞ്ഞ ' ഗാന്ധി ത്രിമൂർത്തി; ഭക്തനല്ല; സാക്ഷാൽ മഹാത്മാ ഗാന്ധിയുടെ പ്രബോധനങ്ങളെ ലോകജനതയുടെ മുൻപാകെ എത്തിക്കാൻ ഈ വിശ്വപൗരനു കഴിയുന്നു എന്നതു തന്നെയാണ് തരൂരിന് കോൺഗ്രസിനെ നയിക്കാനുള്ള യോഗ്യത.
ഈ ഗാന്ധി കുടുംബം , നെഹ്രുകുടുംബം എന്നും പറയപ്പെടുന്ന ഒരു കുടുംബത്തിന്റെ അധികാരപരിധിയിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കുകയെന്ന കടമയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ മുതിർന്ന നേതാക്കളെല്ലാം പഴഞ്ചൻ ആശയം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് മത്സരിക്കാനില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുപോയ രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കണമെന്ന് പ്രമേയം പാസാക്കിയത്. ഒരു കുടുംബത്തോടുള്ള സ്വാഭാവികമായ വിധേയത്വം മാത്രമാണിതിന് കാരണം. ഇതിനെ തകർത്ത് കോൺഗ്രസ് പാർട്ടിയെ പൂർണമായും നവീകരിക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂർ. അതാണ് ശശി തരൂരിനുള്ള പ്രസക്തിയും. പുതിയ ആശയങ്ങൾ നേതൃത്വം മുന്നോട്ടു വെക്കേണ്ടതുണ്ട്. പുതിയ പ്രവർത്തന രീതികൾ സ്വീകരിക്കേണ്ടതുണ്ട്. തരൂർ ഇതേപ്പറ്റിയൊക്കെ വർഷങ്ങളായി ചിന്തിച്ചുക്കൊണ്ടിരിക്കുന്നു. വ്യക്തമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
കോൺഗ്രസിൻറെ വംശം നാശം കാത്തിരിക്കുന്ന ബി.ജെ.പിക്ക് തരൂരിന്റെ നേതൃത്വം വലിയ തലവേദന തന്നെ സൃഷ്ട്ടിക്കും. പാർലമെന്റിൽ ഭരണപക്ഷം ഭയക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന അപൂർവം ചില പ്രതിപക്ഷനേതാക്കളിൽ ഒരാളാണ് തരൂർ. കാരണം, മറ്റുള്ള അംഗങ്ങളെപ്പോലെ വെറും വിവാദങ്ങൾ ഉണ്ടാക്കാനായി അധരവ്യായാമം നടത്തുന്ന ആളല്ല ഡോ. തരൂർ തരൂർ. ഭരണപക്ഷത്തിനുകൂടി പ്രയോജനകരമാകുന്ന കാര്യങ്ങളായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടാക്കുക. ഏതു വിഷയങ്ങളെക്കുറിച്ചും ഗഹനമായ പഠനം നടത്തിയിട്ടേ അദ്ദേഹം പാർലമെന്റിൽ പ്രസംഗിക്കാറുള്ളൂ. അതുകൊണ്ടാകണം ഭരണ -പ്രതിപക്ഷ ഭേദമന്യേ എല്ലാ അംഗങ്ങളും സാകൂതം തരൂരിന്റെ വാക്കുകൾക്ക് ശ്രദ്ധ നൽകുന്നത്. ബി.ജെ.പി തീർത്തും പിന്തിരിപ്പൻ നയങ്ങളുമായാണ് രാജ്യത്ത് മുന്നേറുന്നത്. ബഹുസ്വരതയും, മതേതരത്വുമെല്ലാം ബലികഴിച്ചുകൊണ്ടുള്ള തേരോട്ടമാണ് ബി ജെ പി നടത്തുന്നത്. അവർ പണം നൽകി ജനപ്രതിനിധികളെ കൂട്ടത്തോടെവിലയ്ക്കു വാങ്ങുന്നത് തുടരുന്നു. എന്നാൽ ഇതിനെ എതിർത്ത് തോൽപ്പിക്കേണ്ട കോൺഗ്രസാവട്ടെ പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് മൗനത്തിൽ തുടരുന്നു. രാജ്യത്തുയരുന്ന അസമത്വത്തെത്തുറിച്ചോ, തീർത്തും ജനാധിപത്യവിരുദ്ധമായ നയങ്ങളെയോ എതിർക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല.
സംസ്ഥാനത്ത് കോൺഗ്രസിന് എതിരെ സംസാരിക്കുന്ന രാജ്യ സഭ എംപി ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയ കാര്യം ഏറെ പ്രസക്തമാണ്. "കോൺഗ്രസ് നശിക്കാതിരിക്കാൻ തരൂർ അധ്യക്ഷനാകണമെന്നതാണ് എന്റെ വ്യക്തിപരമായ താല്പര്യം. പാർലമെന്റിനകത്തും പുറത്തും നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന തരൂരിനെ എനിക്കടുത്തറിയാം. ഈ അവസ്ഥയിൽ തരൂരിനല്ലാതെ കോൺഗ്രസിനെ നയിക്കാൻ മറ്റാർക്കുമാവില്ല. മറിച്ചാണെങ്കിൽ കോൺഗ്രസിന്റെ സർവനാശം അടുത്തുവെന്നു പറയേണ്ടിയിരിക്കുന്നു. സി.പി.എം.കാരനായ ജോൺ ബ്രിട്ടാസിന്റെ വിവേകം പോലും കോൺഗ്രസിന്റെ കേരളത്തിന്റെ നേതാക്കന്മാർക്കില്ലാതെപോയതിൽ നിരാശ തോന്നുന്നു.
പക്വതയില്ലാത്ത നേതാവായി രാഹുൽ ഗാന്ധിയെ ചിത്രീകരിക്കാനുള്ള ബി.ജെ.പി യുടെ സൈബർ തന്ത്രങ്ങൾ ഏതാണ്ട് വിജയിച്ചതാണ് അദ്ദേഹം പറയുന്ന ഗൗരവമായ പല കാര്യങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നത്. എന്നാൽ തരൂരിന്റെ കാര്യത്തിൽ ബി.ജെ.പി ക്ക് അങ്ങനെയൊരു ശ്രമം നടത്താൻ കഴിയില്ല. ചിദംബരത്തെ ബി.ജെ.പി. പാളയത്തിൽ എത്തിക്കാനാണ് ഇ.ഡി, എൻ.ഐ.എ , സി.ബി.ഐ തുടങ്ങിയ ദേശീയ ഏജൻസികളെ ദുരുപയോഗപ്പെടുത്തി അദ്ദേഹത്തെ കേസിൽ കുടുക്കിയതെങ്കിൽ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ ജീവിതമുള്ള 'എലീറ്റ്' കാരനായ തരൂരിനെ കുടുക്കാൻ ബി.,ജെ.പിക്ക് ഏറെ വിയർക്കേണ്ടിവരും.
2024-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാത്രം നടത്തേണ്ട ഒരു മാറ്റമല്ല ഇത്. തരൂർ തന്നെ സൂചിപ്പിച്ചതു പോലെ അക്കാര്യത്തിൽ വൈകിപ്പോയിരിക്കുന്നു എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അതിലുപരിയായി ഇന്ത്യ എന്ന രാഷ്ട്രം മുന്നോട്ടുവെച്ച മൂല്യങ്ങളെ നിലനിർത്താൻ, ജനാധിപത്യത്തെ നവീകരിച്ച് ശക്തിപ്പെടുത്താൻ കോൺഗ്രസിന് പുതിയൊരു നേതൃത്വം വേണം. പുതിയ പ്രവർത്തന പദ്ധതികൾ വേണം. അതിനൊക്കെക്കൂടി വേണ്ടിയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.
ഒരു വേള പരാജയങ്ങളെ നേരിടാനും അപ്പോഴും തളരാതെ പാർട്ടിയെ നയിക്കാനും പ്രാപ്തിയുള്ള ഒരാളെ വേണം കോൺഗ്രസ് അധ്യക്ഷനായി കൊണ്ടുവരാൻ. നിർഭാഗ്യവശാൽ കോൺഗ്രസിൽ അത്തരമൊരു ചർച്ചയല്ല കോൺഗ്രസിലുണ്ടാവുന്നത്. കോൺഗ്രസിന്റെ അധികാരം പൂർണമായും ഗാന്ധി കുടുംബത്തിന്റെ കയ്യിൽ ഭദ്രമായി തുടരണമെന്നു മാത്രമാണ് കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളെല്ലാം ആഗ്രഹിക്കുന്നത്. രാജ്യത്ത് കോൺഗ്രസ് തിരിച്ചെത്തണമെന്നോ, ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തണമെന്നോ മുതിർന്ന നേതാക്കൾ ആരുംതന്നെ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തം.
കോൺഗ്രസ് നിലനിൽക്കണോ, അതോ പൂർണമായും മോദിക്ക് മുന്നിൽ പരാജയപ്പെട്ട് സ്വയം ഇല്ലാതാകണമോ എന്നാണ് ഇനി അറിയാനുള്ളത്. കോൺഗ്രസ് അല്ലാത്ത ഒരു പ്രതിപക്ഷം രാജ്യത്ത് ഉയർന്നുവരുന്നതടക്കമുള്ള രാഷ്ട്രീയ നീക്കങ്ങളും കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയേക്കാം. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. അന്തരാഷ്ട്ര നയതന്ത്രത്തിൽ വലിയ മികവു പുലർത്തിയിട്ടുള്ള തരൂരിനെ തോൽപ്പിക്കുന്നത് അനായാസമായി കാണേണ്ടതില്ല. 9,000 പരം ഇലക്ടറൽ വോട്ടർമാർ ഉള്ള തെരഞ്ഞെടുപ്പിൽ, യുവ വോട്ടർമാർ തരൂരിനെ തുണയ്ക്കുമെന്ന കാര്യം ഉറപ്പാണ്. കൂടാതെ പാരമ്പര്യവാദത്തെ പരോക്ഷമായി എതിർക്കുന്ന കേരളത്തിലെ ഉൾപ്പെടെയുള്ള പല മുതിർന്ന നേതാക്കന്മാരും തരൂരിനെ രഹസ്യമായി പിന്തുണയ്‌ക്കുന്നുണ്ട്. ചിലർ രഹസ്യമായി അദ്ദേഹത്തിനു വോട്ട് ഉറപ്പ് നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാങ്ങളിലും ഒരു പോളിംഗ് ബൂത്ത് മാത്രമുള്ളതും തരൂരിനു ഗുണം ചെയ്യും. കാരണം പ്രായം കൂടിയവർ വലിയ യാത്ര ചെയ്ത് പോളിംഗ് ബൂത്തിലെത്തുക വിഷമകരമായിരിക്കും. തരൂരിനെ പിൻതുണയ്ക്കുന്ന യുവ നേതാക്കൻമാർ ഏതുവിധേനയും വോട്ടുചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ. വോട്ടിംഗിന്റെ പൾസ് മനസിലായതുകൊണ്ടാകാം തരൂർ ഏറെ ആൽമവിശ്വാസത്തോടെ പറഞ്ഞത്. "ബാലറ്റ് പെട്ടി തുറക്കുമ്പോൾ അത്ഭുതങ്ങൾ കാണാം." തരൂരിന്റെ ആൽമവിശ്വാസം സത്യമാകട്ടെ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.