മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തെമ്മാടി ആണെന്നായിരുന്നു പരാമര്‍ശം. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദേശം കളക്ടര്‍ അവഗണിച്ചുവെന്നാരോപിച്ചായിരുന്നു അധിക്ഷേപം.
'മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കളക്ടര്‍. അത് ഞങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്ന കാര്യമല്ല. അയാള്‍ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസല്ല ഏത് കുന്തമായാലും മനസിലാക്കിയില്ലെങ്കില്‍ അത് മനസിലാക്കി കൊടുക്കാനുള്ള നടപടികള്‍ ഞങ്ങളെടുക്കും'. എന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം.
മൂന്നാറിലെ സിപിഐഎം ശക്തി കേന്ദ്രമായ ഇക്കാനഗറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം, വെള്ളത്തൂവലില്‍ എം.എം മണിയുടെ സഹോദരന്റേതായ ടൂറിസവുമായി ബന്ധപ്പെട്ട കയ്യേറ്റം കണ്ടെത്തിയത്, ഭൂപതിവ് ചട്ടം ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാനുള്ള നടപടി തുടങ്ങിയവയാണ് എം.എം മണിയുടെ ആക്ഷേപത്തിന്റെ പ്രധാന കാരണങ്ങള്‍.
മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോള്‍ റവന്യു വകുപ്പ് കയ്യേറ്റം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വാദം. ഇത് സബ് കളക്ടര്‍ അംഗീകരിക്കാതിരുന്നതോടയൊണ് സിപിഐഎം കളക്ടര്‍ക്കെതിരെ തിരിഞ്ഞത്.
എന്നാല്‍ മുന്നാറിലെ കയ്യേറ്റം ഒഴുപ്പിക്കാനുള്ള നടപടി നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി വാക്കാല്‍ പോലും നിര്‍ദേശിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. സമരം എത്ര ശക്തമായാലും കയ്യേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.