തിരുവനന്തപുരം: അയല്‍കൂട്ട മാതൃകയില്‍ കര്‍ഷക കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്നു. കൃഷിക്കൊപ്പം കര്‍ഷകര്‍ക്ക് ലഘുസമ്പാദ്യം സ്വരൂപിക്കാനാകുന്ന പദ്ധതിക്ക് മാര്‍ഗരേഖയുമായി കൃഷിവകുപ്പ്. കൃഷി വ്യാപിപ്പിക്കാനും കൃഷിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എല്ലാ മാസവും യോഗം ചേരുന്ന കൃഷിക്കൂട്ടങ്ങള്‍ അംഗങ്ങളുടെ സമ്പാദ്യമായി കുറഞ്ഞത് 20 രൂപ വീതം ശേഖരിക്കും. ഈ തുക കൃഷിക്കൂട്ടം അക്കൗണ്ടില്‍ നിക്ഷേപിക്കും. ഉല്‍പന്നങ്ങളായും സമ്പാദ്യം സ്വീകരിക്കും. ഈ ഉല്‍പന്നങ്ങള്‍ വിറ്റ് തുക സമ്പാദ്യത്തില്‍ ചേര്‍ക്കും.
പൊതു ഉപകരണങ്ങള്‍ വാങ്ങാനും അംഗങ്ങള്‍ക്ക് വായ്പയായും അടിയന്തര സാഹചര്യങ്ങളില്‍ പലിശ രഹിത വായ്പയായി നല്‍കാനും തുക ഉപയോഗിക്കും. സമ്പാദ്യത്തുക സുതാര്യമാക്കുന്നതിന് ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാകും ചെലവഴിക്കുക. എല്ലാ തദ്ദേശ സ്ഥാപന വാര്‍ഡുകളിലും കര്‍ഷക കൂട്ടായ്മകളും കൃഷിക്കൂട്ടങ്ങളും രൂപവത്കരിക്കും.
അഞ്ചുമുതല്‍ 25 വരെ അംഗങ്ങളായ കൃഷിക്കൂട്ടങ്ങളില്‍ അഞ്ച് സെന്റു മുതല്‍ രണ്ടേക്കര്‍ വരെ കൃഷിയിടമുള്ള കര്‍ഷകരെയാണ് അംഗങ്ങളാക്കുക. കര്‍ഷകര്‍ക്ക് ഒറ്റക്കോ കൂട്ടായോ കൃഷി ചെയ്ത് കൃഷിക്കൂട്ടങ്ങളില്‍ അംഗമാകാം. ഒരു വാര്‍ഡില്‍ ഒന്നിലധികം കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിക്കാമെന്നും കൃഷിവകുപ്പ് തയറാക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.
എല്ലാ കൃഷിക്കൂട്ടങ്ങളും അതത് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഡംഗം അധ്യക്ഷനും കൃഷി അസിസ്റ്റന്റ് കണ്‍വീനറുമായ വാര്‍ഡുതല കര്‍മസമിതി രൂപവത്കരിക്കും. ഭൂമി കണ്ടെത്തല്‍, അടിസ്ഥാന സൗകര്യം ഒരുക്കല്‍, കൃഷി ചെയ്യാന്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കും.
ബ്ലോക്ക് തലത്തില്‍ നിയോഗിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായിരിക്കും പരിശീലനവും മാര്‍ഗദര്‍ശനവും നല്‍കുക. തദ്ദേശ സ്ഥാപനങ്ങളിലെ കൃഷി വര്‍ക്കിങ് ഗ്രൂപ്പുകളില്‍ കൃഷിക്കൂട്ടങ്ങളുടെ പ്രതിനിധികളുമുണ്ടാകും. കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍, പ്രായമായവര്‍ എന്നിവര്‍ക്കായി പ്രത്യേക കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിക്കാമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
പ്രസിഡന്റ്, സെക്രട്ടറി ഭാരവാഹികളുണ്ടാകും. ഉല്‍പാദനം, വിപണനം, മൂല്യവര്‍ധനവ്, സേവനം തുടങ്ങിയ മേഖലകള്‍ തിരിച്ചാകും കൃഷിക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.