തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി തള്ളി സർക്കാർ. രാജിവെക്കേണ്ടതില്ലെന്ന് വി.സിമാർക്ക് സർക്കാർ അനൗദ്യോഗികമായി നിർദേശം നൽകി. ഗവർണറുടെ നടപടി അമിതാധികാര പ്രയോഗമാണെന്ന നിലപാടിൽ ഉറച്ച് പ്രതിരോധം തീർക്കാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്തെ ഒൻപതു വി.സി മാരും തിങ്കളാഴ്ച രാവിലെ പതിനൊന്നരക്കകം രാജി സമർപ്പിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യശാസനം നൽകിയിരിക്കുന്നത്. വി.സിമാരെ നിയമിക്കാൻ അധികാരം ഉള്ളപ്പോൾ അവരെ പിൻവലിക്കാനും അധികാരം ഉണ്ടെന്നാണ് ഗവർണറുടെ നിലപാട്. ഗവർണറുടെ നടപടിക്കെതിരെ സ്വീകരിക്കേണ്ട നിയമപ്രതിരോധം സംബന്ധിച്ച് സർക്കാർ തലത്തിൽ അടിയന്തര ആലോചനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രാജി സമർപ്പിക്കാത്ത വി.സിമാരെ പദവിയിൽ നിന്ന് നീക്കി പകരം സീനിയർ പ്രഫസർമാർക്ക് ചുമതല നൽകാനാണ് രാജ്ഭവന്റെ നീക്കം. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് സർവകലാശാലകളിൽ നിന്ന് നേരത്തെ സീനിയർ പ്രഫസർമാരുടെ പട്ടിക ഗവർണർ തേടുകയും സർവകലാശാലകൾ നൽകുകയും ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്ന് അതത് സർവകലാശാലകളിൽ പ്രഫസർമാർക്ക് വി.സിയുടെ ചുമതല നൽകുന്നതിന്റെ സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്.
വി.സിമാരെ പുറത്താക്കിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. കേരള വി.സി ഡോ. വി.പി. മഹാദേവൻപിള്ളയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്. അതേദിവസം തന്നെ രാവിലെ പതിനൊന്നരക്കകം രാജിവെക്കണമെന്നാണ് അദ്ദേഹത്തിന് ഗവർണറിൽ നിന്ന് ലഭിച്ച നിർദേശം. കുസാറ്റ് വി.സി ഡോ. മധുസൂദനന്റെ കാലാവധി അടുത്ത ജനുവരിയിലും എം.ജി വി.സി ഡോ. സാബു തോമസിന്റെയും മലയാളം വി.സി ഡോ. വി. അനിൽകുമാറിന്റെയും കാലാവധി അടുത്ത ഫെബ്രുവരിയിലും അവസാനിക്കാനിരിക്കെയാണ്.
രാജിവെക്കാൻ നിർദേശിച്ചവരിൽ കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജ്, കാലടി വി.സി ഡോ.എം.വി. നാരായണൻ, ഫിഷറീസ് സർവകലാശാല വി.സി ഡോ.കെ. റിജി ജോൺ എന്നിവരെ സെർച്ച് കമ്മിറ്റി ശിപാർശ പ്രകാരം രാജിതേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണ് നിയമിച്ചത്. കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതും ഇപ്പോഴത്തെ ഗവർണർ തന്നെയാണ്.
അതേസമയം സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തരക്ക് പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയിലാണ് വാർത്തസമ്മേളനം. ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജി തേടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. ഗവർണർക്കെതിരെ എൽ.ഡി.എഫ് പരസ്യപ്രക്ഷോഭം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.