ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓഗസ്റ്റില്‍ നടന്ന സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്യുടെ ചലനശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
'സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ആന്‍ഡ്ര്യൂ വൈലി പറഞ്ഞു.
ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് സല്‍മാന്‍ റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24-കാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ഹെലികോപ്റ്ററിലാണ് എഴുപത്തിയഞ്ചുകാരനായ അദ്ദേഹത്തെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍.
ഹാദി മാതറിന്റെ സമൂഹ മാധ്യമ ഇടപെടലുകള്‍ പരിശോധിച്ച ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ തീവ്ര ഷിയ പക്ഷക്കാരനാണ് എന്നാണ് കണ്ടെത്തിയത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഇയാളുടെതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ട്.
മതനിന്ദ ആരോപിക്കപ്പെടുന്ന നോവല്‍ 1988-ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്നു റുഷ്ദി ന്യൂയോര്‍ക്കിലായിരുന്നു താമസിച്ചിരുന്നത്.
1981 ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.