ഒറ്റപ്പെടലിന്റെയും അടിമത്തത്തിന്റെയും വേദനയുമായി ഒരു ഗൊറില്ല; 33 വര്‍ഷമായി സ്വാതന്ത്ര്യം കൊതിച്ച് ബുവാ നോയി

 ഒറ്റപ്പെടലിന്റെയും അടിമത്തത്തിന്റെയും വേദനയുമായി ഒരു ഗൊറില്ല; 33 വര്‍ഷമായി സ്വാതന്ത്ര്യം കൊതിച്ച് ബുവാ നോയി

ഒറ്റപ്പെടലിന്റെ വേദന ഒരു ജീവയ്ക്കും സഹിക്കാന്‍ കഴിയില്ല. അടിമയായി വര്‍ഷങ്ങളോളം തടവില്‍ കഴിയുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത് ഓര്‍ക്കുമ്പോള്‍ തന്നെ അസഹനീയമായ മാനസിക വേദന നമ്മളെ വരിഞ്ഞു മുറുകും. എന്നാല്‍ കഴിഞ്ഞ 33 വര്‍ഷമായി ഒരു ചെറിയ കൂട്ടിലടയ്ക്കപ്പെട്ട് ഏകാന്ത ജീവിതം നയിക്കുകയാണ് ബുവാ നോയി എന്ന പെണ്‍ ഗൊറില്ല. തായ്ലന്‍ഡിലെ പാറ്റ മൃഗശാലയിലെ ഒരു ചെറിയ കൂട്ടിനുള്ളിലാണ് ബുവാ നോയിയെ ഉടമ പൂട്ടിയിട്ടിരിക്കുന്നത്.

ഒറ്റപ്പെടലിന്റെ ദുഖം അനുഭവിക്കുന്ന ഗൊറില്ലയെ മോചിപ്പിക്കുന്നതിനായി മൃഗസ്‌നേഹികള്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്. എന്നാല്‍ ഇത്തവണയും അതിന് സാധിച്ചില്ല എന്നതാണ് ദുഖകരമായ വാര്‍ത്ത.

2015 മുതല്‍ തായ് സര്‍ക്കാരും മൃഗസംരക്ഷണ സംഘടനയായ പെറ്റയും ബുവാ നോയി എന്ന ഗൊറില്ലയെ മോചിപ്പിക്കാന്‍ പോരാടുകയാണ്. 30 മില്യണ്‍ തായ് ബാറ്റ് (ഏകദേശം 7,90,000 ഡോളര്‍) നല്‍കിയാല്‍ മാത്രമേ താന്‍ ഗൊറില്ലയെ മോചിപ്പിക്കൂ എന്ന് മൃഗശാലയുടെ ഉടമ സര്‍ക്കാരിനോടും മൃഗാവകാശ സംഘടനയോടും വ്യക്തമാക്കി. ഇതിനായി ധനസമാഹരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും മൃഗ സ്‌നേഹികള്‍ക്ക് വേണ്ടത്ര പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ല.

ബുവ നോയിയെ സ്വകാര്യ സ്വത്തായി കണക്കാക്കുന്നതിനാല്‍ ഗൊറില്ലയെ മോചിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടേയും വന്യ മൃഗങ്ങളുടേയും വ്യാപാരവും ഉടമസ്ഥതയും തടയുന്നതിന് നിയമങ്ങള്‍ കൊണ്ടു വരുന്നതിന് മുമ്പാണ് ഉടമ ബുവ നോയിയെ വാങ്ങിയത്.

ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമൂലം 2015-ല്‍ മൃഗശാല അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പാറ്റ മൃഗശാല അടക്കമുള്ളവയ്ക്ക് വീണ്ടും അനുമതി ലഭിച്ചു. ബുവയുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയവും ക്രൂരവുമാണെന്ന് ഏഷ്യ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയ്സണ്‍ ബേക്കര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.