ദേശാടനക്കിളി 11 ദിവസം തുടർച്ചയായി പറന്നത് 13,560 കിലോമീറ്റര്‍; അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക്; അദ്ഭുതത്തോടെ പക്ഷി നിരീക്ഷകർ

ദേശാടനക്കിളി 11 ദിവസം തുടർച്ചയായി പറന്നത് 13,560 കിലോമീറ്റര്‍; അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക്; അദ്ഭുതത്തോടെ പക്ഷി നിരീക്ഷകർ

ഹൊബാർട്: ദേശാടനത്തിനിടയിൽ വഴിതെറ്റി പോയ കുഞ്ഞൻ പക്ഷി പറന്നത് 13,560 കിലോമീറ്റര്‍. അമേരിക്കയിലെ അലാസ്കയിൽ നിന്ന് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലേക്ക് നിർത്താതെ പറന്ന് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഒരു വരവാലൻ ​ഗോഡ്‌വിറ്റ് (Bar-tailed Godwit). ഭൂഖണ്ഡങ്ങൾക്കും സമുദ്രങ്ങൾക്കും കുറുകെ ദിവസങ്ങളോളം നീളുന്ന യാത്രയിൽ ഇടയ്ക്ക് വെച്ച് കുഞ്ഞൻ ഗോഡ് വിറ്റിന് റൂട്ട് മാപ്പ് ഒന്ന് മാറി പോയിരുന്നു. ഇതോടെ 11 ദിവസവും 1 മണിക്കൂറും കൊണ്ട് നിര്‍ത്താതെ പറന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയാണ് ഗോഡ്‌വിറ്റ് ചരിത്രത്തിന്റെ ഭാഗമായത്.

അഞ്ച് മാസം പ്രായമുള്ള ഗോഡ് വിറ്റിന്റെ മേൽ ഗവേഷകർ ഘടിപ്പിച്ച 5​ഗ്രാം ഭാരമുള്ള സാറ്റലൈറ്റ് ടാഗിന്റെ സഹായത്തോടെയാണ് പുതിയ കണ്ടെത്തൽ. രാവും പകലും തുടർച്ചയായി പറക്കുന്നതിനിടയിൽ പക്ഷി ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും അതിന്റെ ശരീരഭാരത്തിന്റെ പകുതിയോ അതിലധികമോ നഷ്ടമായിരിക്കാമെന്ന് ബേർഡ് ലൈഫ് ടാസ്മാനിയ കൺവീനർ ഡോ. എറിക് വോഹ്‌ലർ പറഞ്ഞു.

വർഷങ്ങളായി ഗോഡ് വിറ്റുകളുടെ ദേശാടനവുമായി ബന്ധപ്പെട്ട് ഗവേഷകർ പഠനം നടത്തുന്നു. 2021 ൽ നടത്തിയ പഠനങ്ങളിൽ പ്രായപൂര്‍ത്തിയായ ആണ്‍ ഗോഡ്‌വിറ്റ് 13,050 കിലോമീറ്റര്‍ ഒറ്റയടിക്ക് പറന്ന് റെക്കോർഡ് സൃഷിച്ചിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ അഞ്ച് മാസം മാത്രം പ്രായമുള്ള ഗോഡ്‌വിറ്റ് 500 കിലോമീറ്ററിലേറെ അധികം പറന്ന് തിരുത്തി കുറിച്ചിരിക്കുന്നത്.


വരവാലൻ ഗോഡ്‌വിറ്റ്

ആർട്ടിക് ഉൾപ്പെടുന്ന വടക്കൻ ശൈത്യമേഖലകളിൽ വസിക്കുന്ന ദേശാടനപ്പക്ഷിയാണ് വരവാലൻ ഗോഡ്‌വിറ്റ്. അതിശൈത്യകാലത്ത് ഓസ്ട്രേലിയ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ഇവ ദേശാടനം നടത്തും. പിന്നീട് പ്രജനന കാലത്ത് തിരികെ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യും.

കൊടും ശൈത്യവും ഭക്ഷണദൗർലഭ്യവും അതിജീവിക്കുവാൻ പതിനായിരക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കുന്ന പക്ഷികളുടെ ദേശാടനം ഒരു അദ്ഭുത പ്രതിഭാസമാണ്. എന്നാൽ ഇതിനിടയിൽ മഹാദ്ഭുതമാണ് വരവാലൻ ഗോഡ്‌വിറ്റ് എന്ന് പറയാം. ദേശാടനത്തിനിടയിൽ രാത്രിയും പകലും തുടർച്ചയായി, ഭക്ഷണവും ജലവും ഒഴിവാക്കി, നിർത്താതെയുള്ള പറക്കലാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.


സമുദ്രത്തിന് കുറുകെ ഉള്ള പറക്കലിൽ പല ദേശാടന പക്ഷികൾക്കും ക്ഷീണം തോന്നുമ്പോൾ വെള്ളത്തിലിറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയും. എന്നാൽ ഗോഡ്‌വിറ്റുകൾക്ക് ഇത് സാധ്യമല്ല. ഈ പക്ഷികൾ വെള്ളത്തിലിറങ്ങിയാൽ ചത്തുപോകും. സാധാരണ പക്ഷികളുടെ കാൽ വിരലുകള്‍ക്കു മധ്യേയുളള ചർമ്മം ഗോഡ്‌വിറ്റുകൾക്ക് ഇല്ലാത്തതാണ് കാരണം.

ദേശാടനത്തിന് മുമ്പേ ഈ പക്ഷികൾ ഭക്ഷണം കഴിച്ച് നന്നായി തടിവയ്പ്പിക്കും. നിർത്താതെയുളള പറക്കലിനുള്ള ഊർജ്ജം ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ശരീരത്തിൽ കൊഴുപ്പ് ശേഖരിക്കുന്നത്. ഒടുവിൽ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കും ഗോഡ്‌വിറ്റിന്റെ ശരീരഭാരം മൂന്നിലൊന്നായി വരെ കുറഞ്ഞിട്ടുണ്ടാകും.

റെക്കോർഡുകാരന്റെ ഇതിഹാസ യാത്ര ഇങ്ങനെ

അലാസ്കയിലെ യുകോൺ കുസ്കോക്വിം ഡെൽറ്റയിലെ വിശാലമായ തണ്ണീർത്തടങ്ങളിൽ നിന്ന് ഒക്ടോബർ 13 ന് കുഞ്ഞൻ ഗോഡ്‌വിറ്റ് അതിന്റെ ഇതിഹാസ യാത്ര ആരംഭിച്ചത്. പിന്നീട് അത് തെക്ക്-പടിഞ്ഞാറ് അലൂഷ്യൻ ദ്വീപുകളിലേക്കും, ഹവായിക്ക് പടിഞ്ഞാറ് പസഫിക് സമുദ്രത്തിലൂടെ ന്യൂ കാലിഡോണിയയിലേക്കും തുടർന്ന് ടാസ്മാൻ കടലിലൂടെയും പറന്നു.

ഗോഡ്‌വിറ്റുകൾ സാധാരണയായി ന്യൂസിലാൻഡിലേക്കാണ് യാത്ര ചെയ്യുന്നതെന്നും എന്നാൽ ഇത് വഴിമാറി 90 ഡിഗ്രി തിരിഞ്ഞ് കിഴക്കൻ ടാസ്മാനിയയിലെ അൻസൻസ് ബേയുടെ മനോഹരമായ തീരത്ത് വന്നിറങ്ങുകയായിരുന്നുവെന്നും ഡോ. എറിക് വോഹ്‌ലർ പറഞ്ഞു. ഈ വഴി തെറ്റൽ കുഞ്ഞൻ ഗോഡ്‌വിറ്റിന്റെ പറക്കാനുള്ള ശേഷി വർദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂസിലാന്റിലെ മാസ്സി യൂണിവേഴ്‌സിറ്റി, ചൈനയിലെ ഫുഡാൻ യൂണിവേഴ്‌സിറ്റി, ഗ്ലോബൽ ഫ്‌ളൈവേ നെറ്റ്‌വർക്ക് എന്നീ സംഘടനകൾ ഉൾപ്പെട്ട ട്രാക്കിംഗ് പഠനത്തിന്റെ ഭാഗമായാണ് ഗോഡ്‌വിറ്റിന്റെ റെക്കോർഡ് ബ്രേക്കിംഗ് യാത്ര രേഖപ്പെടുത്തിയത്.

2020ൽ നടന്ന ഒരു പഠനത്തിൽ സെപ്റ്റംബർ 16ന് തെക്ക്-പടിഞ്ഞാറന്‍ അമേരിക്കയിലെ അലാസ്കയിൽ നിന്ന് പറക്കാൻ ആരംഭിച്ച ഗോഡ്‌വിറ്റ് പസിഫിക് സമുദ്രത്തിനു മുകളിലൂടെ തെക്കേ ദിക്കിലേക്കു സഞ്ചരിച്ച് 11 ദിവസം കൊണ്ട് ന്യൂസീലൻഡിലെ ഓക്‌ലാന്റ് തീരത്ത് എത്തി. 12,200 കിലോമീറ്റർ ദൂരം അതു പിന്നിട്ടിരുന്നു. മണിക്കൂറിൽ 89 കിലോമീറ്റർ വേഗത്തിൽ പോലും ഗോഡ്‌വിറ്റ് പറന്നിരുന്നു. ഇതോടെയാണ് ലോകത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ ദൂരം പറന്ന് ദേശാടനം നടത്തുന്ന പക്ഷികളായി ഗോഡ്‌വിറ്റ് മാറിയത്.

വരവാലൻ ഗോഡ്‌വിറ്റിന്റെ ഉപജാതികൾ

വരവാലൻ ഗോഡ്‌വിറ്റിന് മൂന്ന് ഉപജാതികളാണ് ഉള്ളത്. മൂവരും പേരുകേട്ട സഞ്ചാരികളുമാണ്. ആദ്യത്തെ ഉപജാതിയായ ലാമോസ ലാപ്പോണിക്ക ലാപ്പോണികിന്റെ പ്രജനനം സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മുതൽ വടക്കൻ റഷ്യയിലെ തൈമൂർ ഉപദ്വീപ് വരെയാണ്. പിന്നീട് മഞ്ഞുകാലത്ത് പശ്ചിമയൂറോപ്പിലെ കടൽ തീരങ്ങളിലേക്കും അറേബ്യൻ ഗൾഫിലേക്കും, ആഫ്രിക്കയിലേക്കും ദേശാടനം നടത്തും.

രണ്ടാമനായ ലാമോസ ലാപ്പോണിക്ക ബനേരിയുടെ പ്രജനനം അലാസ്കയിലാണ്. തുടർന്ന് ഇവ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും ദേശാടനം നടത്തും. മൂന്നാമത്തെ ഉപജാതിയായ ലാമോസ ലാപ്പോണിക്ക മെൻസ്ബിയേരിയുടെ പ്രജനനം സൈബീരിയയിലും തൈമൂറിലും വെച്ചാണ് നടക്കുക. ശേഷം ഓസ്‌ട്രേലിയയിലേക്കും ദക്ഷിണ-പൂർവ്വ ഏഷ്യയിലേക്കും ഇവ ദേശാടനം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.