തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇനിയും തയ്യാറായില്ലെങ്കില്‍ സമരം കത്തിപ്പടരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിനെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വികസനത്തിന്റെ ഇരകളാണ് മല്‍സ്യത്തൊഴിലാളികള്‍. അവരെ സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തീരശോഷണം കൂടി.
മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വീടുകള്‍ കടലെടുക്കുന്നു. മുതലപ്പൊഴിയിലും അപകടരമായ സ്ഥിതിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഏറ്റവും പരിതാപകരമായ ജീവിതാവസ്ഥയാണ് മല്‍സ്യത്തൊഴിലാളികളുടേത്. നിരവധി വിഷയങ്ങള്‍ അവരെ ബാധിക്കുന്നു. ഉമ്മന്‍ചാണ്ടി നിരവധി തവണ അവരുമായി സംസാരിച്ചു. വലിയ തുറയിലെ സിമന്റ് ഗോഡൗണിലെ ജീവിതം ദുസഹമാണ്. നാല് വര്‍ഷമായി അവരവിടെയാണ് ജീവിക്കുന്നത്. ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്ത് നിറയെ ഈച്ചയാണ്. വൃത്തികെട്ട ജീവിത സാഹചര്യമാണവിടെ.
സര്‍ക്കാരിനോട് കൈ കൂപ്പി താന്‍ തന്നെ യാചിച്ചു. അവരെ മാറ്റിപ്പാര്‍പ്പിക്കണം. മൂന്ന് മാസം മുമ്പാണ് നിയമസഭയില്‍ പറഞ്ഞത്. അത് സര്‍ക്കാര്‍ ഇതുവരെ ചെയ്തില്ല.
'മുഖ്യമന്ത്രി മുന്‍കൈ എടുത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യണം. പ്രായോഗികമായ തീരുമാനമെടുക്കണം. മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോ. നിങ്ങളെന്താ മഹാരാജാവാണോ. ജനങ്ങള്‍ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങള്‍. ആരോടാണ് ഈ അഹങ്കാരവും ധാര്‍ഷ്ട്യവും ധിക്കാരവും. ആ പാവങ്ങളെ പോയി ഒന്ന് കാണണം'- വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.