ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനികളുടെ എതിർപ്പ് മറികടന്നു രാജ്യത്തെ ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി സർക്കാർ തലത്തിൽ പ്രത്യേക സമിതിയുണ്ടായിരിക്കും. സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്ക് നിയമങ്ങൾ പൂർണമായും ബാധകമായിരിക്കും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഭേദഗതി ചെയ്ത ഐടി ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടു. രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയർപേഴ്സൺ അടക്കം മൂന്ന് സ്ഥിരാംഗങ്ങൾ സമിതിയിലുണ്ടായിരിക്കുക.
സർക്കാർ സമിതിക്ക് പുറമെ കമ്പനികളും ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി സ്വന്തം നിലയിൽ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതിക്കാരന് സർക്കാർ രൂപീകരിക്കുന്ന സമിതിയിൽ അപ്പീൽ നൽകാം. പരാതിയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് 2021ൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. പരാതി പരിഹാര സമിതി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ സാമൂഹിക മാധ്യമങ്ങൾ രംഗത്തു വന്നിരുന്നതാണ്. സ്വതന്ത്ര പ്രവർത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.